തിരുവനന്തപുരം : ധനുവച്ചപുരത്ത് പാർട്ടി കൊടി പിടിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ. ഐടിഐ വിദ്യാർത്ഥി വികാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വികാസ് പാറശ്ശാല ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്യാമ്പസിൽ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിനിടെ വികാസിനോട് പ്രവർത്തകർ കൊടി പിടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വികാസ് ഇതിന് വിസമ്മതിച്ചു. തുടർന്നാണ് എസ്എഫ്‌ഐ- സിപിഎം പ്രവർത്തകർ ചേർന്ന് വികാസിനെ മർദ്ദിച്ചത്. പോലീസിൽ പരാതി നൽകിയാൽ പഠിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ- സിപിഎം ഗുണ്ടകൾ വികാസിനെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
മർദ്ദനമേറ്റ് അവശനായ വികാസിനെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ധനുവച്ചപുരം ഐടിഐയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് വികാസ്.
വികാസ് കോളേജിൽ പോകാൻ തുടങ്ങിയിട്ട് നാല് ദിവസം മാത്രമേ ആയുള്ളൂവെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐക്കാർ കൊടിപിടിക്കാൻ നിർബന്ധിച്ചു. എന്നാൽ വിസമ്മതിച്ചതോടെ കൊടി കയ്യിൽ നൽകി മുദ്രാവാക്യം വിളിക്കാൻ പറഞ്ഞു. ചെയ്യില്ലെന്ന് അറിയിച്ചതോടെ എസ്എഫ്‌ഐക്കാർ മർദ്ദിക്കുകയായിരുന്നു. താനോ കുടുംബമോ ഒരു പാർട്ടിയിലും അംഗമല്ലെന്നും പിതാവ് വ്യക്തമാക്കി.
















Comments