തിരുവനന്തപുരം: സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ഉന്മൂലന സിദ്ധാന്തത്തിന്റെ വക്താക്കളാണ്. അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അതുകൊണ്ടാണ് രഞ്ചിത്ത് ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാത്തതെന്നും ന്യൂനപക്ഷ കമ്മിഷന് ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന കൊലപാതകങ്ങളില്‍ സിപിഎം മൃദുസമീപനം സ്വീകരിക്കുന്നത് ഇരുവരും ഉന്മൂലന സിദ്ധാന്തത്തിന്റെ വക്താക്കളായതുകൊണ്ടാണ്.
തൊണ്ണൂറുകളില്‍ അന്നത്തെ ഭീകരസംഘടനയെ നേരിട്ടതുപൊലെ ജനകീയ അഭിപ്രായം രൂപീകരിച്ചും ജനകീയപ്രക്ഷോഭങ്ങള്‍ നടത്തിയും ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15,16,17 തിയതികളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റാലിയും പൊതുയോഗങ്ങളും നടക്കും
കെ.റെയില്‍ പദ്ധതി നടപ്പാക്കാനാവില്ലെന്നും ബംഗാളില്‍ നാനോ നിര്‍മിക്കാന്‍ ശ്രമിച്ച അവസ്ഥയാവും കേരളത്തില്‍ ഉണ്ടാവുകയെന്നും ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും പറഞ്ഞത് എന്തുവിലകൊടുത്തും പദ്ധതിനടപ്പാക്കുമെന്നാണ് എന്നാല്‍ നടപ്പാക്കാനായില്ലെന്നും ബംഗാളിലെ നന്ദിഗ്രാമിന്റെ അവസ്ഥ കേരളത്തിലും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ കുത്തകകള്ക്കുവേണ്ടിയാണെങ്കില് ഇവിടെ റിയല്‍എസ്റ്റേറ്റ് മാഫിയയ്ക്കുവേണ്ടിയാണ് സ്ഥലമേറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധദേവ് ഭട്ടാചാര്യയുടെ അതെ ഭാഷയിലാണ് പിണറായി വിജയനും സംസാരിക്കുന്നത്. ഇ.ശ്രീധരന്റെ പരാമര്‍ശത്തെ വിരട്ടല്‍ വേണ്ടെന്ന ഭാഷയിലാണ് പിണറായി പറയുന്നത് പിണറായിയുടെ കെ.റെയില്‍ പദ്ധതിക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും ഇതിന്റെ ഭാഗമായി സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ ബിജെപി ജില്ലാപ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കും. ജനുവരി 25 മുതല്‍ 30 വരെയാണ് പദയാത്ര.
Comments