ശബ്ദത്തിലെ വ്യത്യാസം കൊണ്ട് മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും സ്വീകാര്യത ലഭിച്ച ഗായകനാണ് ജാസി ഗിഫ്റ്റ്. ഒരു കാലയളവിന് ശേഷം സമൂഹമാദ്ധ്യമങ്ങളുടെ വരവോടെയാണ് ജാസിയുടെ പാട്ടിന് വീണ്ടും സ്വീകാര്യത ഏറിയത്. സോഷ്യൽ മീഡിയ തനിക്ക് പുതുജീവൻ നൽകിയെന്നും കലാകാരന്മാർക്ക് നല്ലൊരു വേദിയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പറയുകയാണ് ജാസി ഗിഫ്റ്റ്. ഒരു അഭിമുഖത്തിലായിരുന്നു സംഗീത ജീവിതത്തെ കുറിച്ച് ജാസി ഗിഫ്റ്റ് മനസ് തുറന്നത്.
സോഷ്യൽ മീഡിയയുടെ വരവോട് കൂടി കരിയറിന് പുതിയൊരു ജന്മം തന്നെ ലഭിച്ചു. എന്റെ ഒരുപാട് പാട്ടുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വീണ്ടും ഹിറ്റായി. ഇന്ന് എല്ലാത്തിനുമുള്ള ഒരു വേദി കൂടിയായി സമൂഹമാദ്ധ്യമങ്ങൾ മാറിയിട്ടുണ്ട്. മുമ്പത്തെ പോലെ ഒരു ഗായകന് ജീവിക്കാൻ സിനിമ തന്നെ വേണമെന്നില്ല ഇന്ന്.
ഫിലിം മ്യൂസിക്കിൽ എന്റെ ശബ്ദത്തിന് പറ്റിയ ഇടമില്ലായിരുന്നു. തുടക്ക സമയത്ത് അങ്ങനെ എല്ലാ പാട്ടുകളിലേക്കും എത്തിപ്പെടാൻ സാധിച്ചില്ല. പക്ഷെ, ഇന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഒരു ഗായകനെ ആളുകൾ തിരിച്ചറിയണമെങ്കിൽ പ്രധാനമായും ഒരു ഹിറ്റ് പാട്ടെങ്കിലും സ്വന്തമായി വേണം. എനിക്കത് തന്നത് ലജ്ജാവതി ആയിരുന്നു.
ഇപ്പോഴും സംഗീതം പഠിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ചന്ദ്രബാബു ചേട്ടനാണ് മ്യൂസിക് പഠിപ്പിക്കുന്നത്. ഓൺലൈൻ വഴി എല്ലാ ആഴ്ചയും പഠിക്കും. കന്നടയിലും മലയാളത്തിലുമായി ചില പാട്ടുകളുടെ പണിപ്പുരയിലാണെന്നും അവയൊക്കെ ഉടൻ പുറത്തിറങ്ങുമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.















