ന്യൂഡൽഹി: ഈ വർഷം മുതൽ ഡിസംബർ 26 വീർ ബാൽ ദിവസ് ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീരതയ്ക്കും നീതിയ്ക്കുമായുള്ള ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളുടെ പോരാട്ടത്തിനുള്ള ആദരസൂചകമാണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘സാഹിബ്സാദ സൊരാവർ സിംഗ് ജിയും സാഹിബ്സാദ ഫത്തേസിംഗ് ജിയും രക്തസാക്ഷിത്വം വരിച്ച ഡിസംബർ 26 ഇനി മുതൽ വീർ ബാൽ ദിവസായി ആചരിക്കും. ഈ രണ്ട് മഹാന്മാരും ധർമ്മത്തിന്റെ മഹത്തായ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിന് പകരം മരണത്തെയാണ് തെരഞ്ഞെടുത്തത്.
മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, നാല് സാഹിബ്സാദുകൾ എന്നിവരുടെ ധീരതയും ആദർശങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. ഇവർ ഒരിക്കലും അനീതിയ്ക്ക് മുന്നിൽ തല കുനിച്ചിട്ടില്ല. കൂടുതൽ ആളുകൾ ഇവരെ കുറിച്ച് അറിയേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വാഗതം ചെയ്തു.
Comments