ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഹിന്ദു യുവാവിനെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സെഹോർ സ്വദേശികളായ താഗരാജ്, രാജാറാം മാളവ്യ, സുനിൽ മാളവ്യ, തേജ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമ പ്രകാരമാണ് നടപടി.
ഗുരാദി ഗ്രാമവാസിയായ മനോഹ ബൻസാൽ ആണ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയത്. നാല് ദിവസം മുൻപ് ഇവർ വീട്ടിൽ വന്നിരുന്നതായും ക്രിസ്ത്യൻ മതം സ്വീകരിക്കാൻ ആവശ്യപ്പട്ടതായും ബൻസാലിന്റെ പരാതിയിൽ പറയുന്നു. മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ആയിരുന്നു മതം മാറാൻ ഇവർ ആവശ്യപ്പെട്ടത്. പോരാത്തതിന് പണവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് വിസമ്മതിച്ചതോടെ ഇവർ ബൻസാലയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
നിവൃത്തി ഇല്ലാതെ വന്നതോടെ മതം മാറാൻ താത്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള അപേക്ഷയിൽ ബൻസാൽ ഫോം പൂരിപ്പിച്ച് നൽകി. ഇതിന് പിന്നാലെ ബൻസാൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
അടുത്തിടെയായി മദ്ധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ദളിത് യുവതിയെ മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ അടുത്തിടെ ക്രിസ്ത്യൻ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments