തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയ്യാറാകണമെന്ന നിർദ്ദേശം നടപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭാ ഭരണം നിലനിർത്താൻ സാധിച്ചത് താത്കാലികം മാത്രമാണ്. അതുവെച്ച് ബിജെപിയുടെ വളർച്ച തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നഗരത്തിലെ പരിപാടികളിൽ പാർട്ടി ഘടകങ്ങൾ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ല. സർവ്വീസ് സംഘടനകൾ വഴിയാണ് പരിപാടികളിൽ ആളുകൾ എത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയ്‌ക്ക് വളർച്ചയുണ്ടായി. ഈ വളർച്ചയ്‌ക്ക് തടയിടണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ ആ നിർദ്ദേശങ്ങൾ ഒന്നും തന്നെ ജില്ലാ നേതൃത്വം നടപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോർപ്പറേഷനിലെ എസ്.സി എസ്ടി ഫണ്ട് തട്ടിപ്പിലും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. എങ്ങനെയും പണം തട്ടണമെന്ന ധാരണ ചില നേതാക്കൾക്കുണ്ട്. എസ്.സി എസ്ടി ഫണ്ടെന്ന് പറയുന്നത് പാവങ്ങളുടെതാണ്. പുതിയ സഖാക്കളിൽ പോലും ഇത്തരത്തിലുള്ള പ്രവണത കാണുന്നുണ്ട്. ഇത് വെച്ചുപൊറിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ വളർച്ചയിൽ ആശങ്ക അറിയിച്ചുള്ള ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബിജെപിയുടെ വളർച്ച അവഗണിക്കാനാകാത്ത വിധത്തിൽ വളരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ജില്ലയിൽ പല കേന്ദ്രങ്ങളിലും ബിജെപി അവരുടെ ശക്തി വർദ്ധിപ്പിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ വർക്കല, ചിറയിൻകീഴ് താലൂക്കുകളിലാണ് ബിജെപി ഏറെ മുന്നോട്ട് വന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
















Comments