റായ്പൂർ: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ മൂന്ന് കണ്ണുകളോട് കൂടിയ പശുക്കുട്ടി പിറന്നു. നവാഗാവിലെ കർഷകനായ ഹേമന്ത് ചന്ദേലിന്റെ ജേഴ്സി ഇനത്തിൽപ്പെട്ട പശുവാണ് മൂന്ന് കണ്ണുകളോടുകൂടിയ പശുക്കുട്ടിയ്ക്ക് ജന്മം നൽകിയത്.
പശുക്കുട്ടിയ്ക്ക് മൂന്ന് കണ്ണുകളും മൂക്കിൽ നാല് ദ്വാരങ്ങളുമുണ്ട്. പശുക്കുട്ടിയുടെ വിവരം അറിഞ്ഞ് നിരവധി പേരാണ് ഹേമന്തിന്റെ വീട്ടിലേക്ക് എത്തുന്നത്. പശുക്കുട്ടി പരമശിവന്റെ അവതാരമാണെന്നാണ് കാണാനെത്തുന്നവർ പറയുന്നത്.
പശുക്കുട്ടിയെ കാണാനെത്തുന്നവർ പ്രത്യേകം പൂക്കളും നാളികേരവും സമർപ്പിക്കുന്നുമുണ്ട്. മകരസംക്രാന്തി ദിനത്തിലാണ് പശുക്കുട്ടി പിറന്നത്. അതിനാൽ തന്നെ ജനങ്ങളുടെ വിശ്വാസവും വർദ്ധിക്കുകയാണ്.
പശുക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങൾ അത്ഭുതപ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് പറഞ്ഞു. പശുക്കുട്ടിയെ കാണാൻ ഹേമന്തിന്റെ വീട്ടിൽ ജനങ്ങളുടെ വൻ തിരക്കാണ്.
ഭ്രൂണം ശരിയായ രീതിയിൽ വളരാത്തതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് വെറ്റിനറി ഡോക്ടർ നരേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്രത്തിന്റെ അത്ഭുതമാണിതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
Comments