കണ്ണൂർ: കോൺഗ്രസ് നേതൃഘടനയ്‌ക്കെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിൽ രക്ഷയില്ലെന്ന വസ്തുതയാണ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന രാഹുലിന്റെ പ്രസ്താവന ഏറ്റവും വലിയ വർഗീയതയാണ്. കോൺഗ്രസിന് മതേതര മുഖം നഷ്ടമായി. കോൺഗ്രസ് ന്യൂനപക്ഷങ്ങളെ പൂർണ്ണമായും തഴയുകയാണെന്നും കോടിയേരി ആരോപിച്ചു.
രാഹുൽ ഗാന്ധിയാണ് ഇതിന് തുടക്കം കുറിച്ചത്. വർഗീയത ആദ്യം പറഞ്ഞത് രാഹുൽ ഗാന്ധിയാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണം എന്ന നിലപാട് മതേതരത്വമാണോ? രാഹുൽ ഗാന്ധി പറഞ്ഞത് വർഗീയതയല്ലേ. മതനിരപേക്ഷതയെ തകർക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കോൺഗ്രസിന്റെ നിലപാട് കോൺഗ്രസിനുള്ളിലെ ന്യൂനപക്ഷങ്ങളെ തഴയുന്നതാണ്. ഗുലാം നബി ആസാദിനോടും, സൽമാൻ ഖുർഷിദിനോടുമൊക്കെ ചോദിച്ചാൽ അവർ ഇതിനെ കുറിച്ച് പറയും.
കോൺഗ്രസിൽ വ്യത്യസ്ത വിഭാഗത്തിൽ പെട്ട നേതൃനിരയാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും രണ്ട് വ്യത്യസ്ത വിഭാഗത്തിൽ പെട്ട ആളുകളായിരുന്നു. ആ നിലപാട് ലംഘിക്കപ്പെട്ടത് എന്ത് കൊണ്ടാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് ഇവിടെ തെളിഞ്ഞത്. ഞാൻ പറഞ്ഞത് വർഗ്ഗീയ നിലപാടല്ല. ഇടതുപക്ഷം അത്തരമൊരു നിലപാട് ഒരിക്കലും പറഞ്ഞിട്ടില്ല. മതപരമായ സംവരണം പാർട്ടികളിൽ വേണം എന്ന നിലപാട് സിപിഎമ്മിനില്ല. കോൺഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് പാർട്ടി കോൺഗ്രസ് നിലപാട് സ്വീകരിക്കും. കോൺഗ്രസ് രാജ്യത്ത് ഇല്ലാതായെന്നും കോടിയേരി ആരോപിച്ചു.















