ഓസ്ലോ: നോര്‍വ്വെ ചെസ്സ് ടൂര്‍ണമെന്റില്‍ വിസ്മയക്കുതിപ്പുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ കിരീടത്തിലേക്ക് അടുക്കുന്നു. ഇനി ഒരു മത്സരം മാത്രം അവശേഷിക്കെ, 15 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഈ ഇന്ത്യന്‍ താരം. ഒമ്പതാം റൗണ്ടില്‍ സഹ ഇന്ത്യന്‍ താരം ഡി. ഗുകേഷിനെ ക്ലാസിക് ഗെയിമില്‍ അട്ടിമറിച്ചതോടെയാണ് പ്രജ്ഞാനന്ദയുടെ പോയിന്റ് നില 15-ല്‍ എത്തിയത്.
സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തിയിരുന്ന ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ ഇക്കുറി രണ്ട് തവണയാണ് പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്. ഒരു ടൂര്‍ണമെന്റില്‍ തന്നെ കാള്‍സനെ രണ്ടുതവണ തോല്‍പ്പിക്കുന്ന താരം എന്ന അപൂര്‍വ്വ നേട്ടം 19 വര്‍ഷത്തിന് ശേഷമാണ് ചെസ്സ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിനു മുന്‍പ് ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ ചരിത്ര റെക്കോര്‍ഡോടെ ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പ്രജ്ഞാനന്ദ. ഇത്തവണ സ്വന്തം മണ്ണില്‍ കാള്‍സന്‍ ഏറെ പിന്നിലാണ്.
നിലവില്‍ 15.5 പോയിന്റുള്ള അമേരിക്കയുടെ വെസ്ലി സോ ആണ് പ്രജ്ഞാനന്ദയ്‌ക്ക് കിരീടത്തിലേക്കുള്ള വഴിയില്‍ പ്രധാന തടസ്സമായി നില്‍ക്കുന്നത്. അവസാനത്തെ പത്താം റൗണ്ടിലെ ഫലങ്ങളായിരിക്കും ടൂര്‍ണമെന്റിലെ ചാമ്പ്യനെ നിശ്ചയിക്കുക. വെസ്ലി സോയും നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ്. മാഗ്‌നസ് കാള്‍സനെ ഈ ടൂര്‍ണമെന്റിലെ രണ്ട് മത്സരങ്ങളിലും വെസ്ലി സോയും പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള അലിറെസ ഫിറൂഷയുമായാണ് വെസ്ലി സോയുടെ അവസാന പോരാട്ടം.
ജര്‍മ്മന്‍ താരമായ വിന്‍സെന്റ് കെയ്മറാണ് പ്രജ്ഞാനന്ദയുടെ എതിരാളി. മുന്‍പ് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ പ്രജ്ഞാനന്ദ കെയ്മറെ തോല്‍പ്പിച്ചിരുന്നു. റിവേഴ്‌സ് റൗണ്ടില്‍ ക്ലാസിക് ഗെയിമില്‍ തന്നെ ജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് കിരീടപ്രതീക്ഷയുണ്ട്. ടൂര്‍ണമെന്റില്‍ ആറ് റൗണ്ടുകള്‍ വരെ നാലാം സ്ഥാനത്തായിരുന്ന പ്രജ്ഞാനന്ദ ഏഴാം റൗണ്ട് മുതലാണ് അജയ്യമായ ഫോമിലേക്ക് ഉയര്‍ന്നത്. തുടര്‍ച്ചയായ മൂന്ന് റൗണ്ടുകളിലും ക്ലാസിക് ഗെയിമുകളിലൂടെയാണ് താരം വിജയം പിടിച്ചെടുത്തത്.















