തിരുവനന്തപുരം: ജനം ടിവി ഇടപെടൽ ഫലം കണ്ടു. 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ഉറപ്പു നൽകി മാനേജ്മെന്റ്. ജീവനക്കാർക്ക് തുടരാമെന്നും ശമ്പളം വെട്ടിക്കുറക്കില്ലെന്നും മാനേജ്മെൻറ് ഉറപ്പുനൽകിയെന്ന് കേരളാ പ്രദേശ് 108 ആംബുലൻസ് മസ്ദൂർ സംഘം (ബിഎംഎസ്) അറിയിച്ചു.108 ആംബുലൻസ് സർവീസ് നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തിയത്.
നിലവിലെ ജീവനക്കാരെ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തിന് പുതിയ ആളുകളെ നിയമിക്കാൻ ആയിരുന്നു ശ്രമം. നിലവിൽ ഡ്രൈവർമാർക്ക് 21,000 രൂപയും നേഴ്സ്മാർക്ക് 27,000 രൂപയുമാണ് ശന്പളം. ഇത് 19.000ൽ താഴെയാക്കാൻ ആയിരുന്നു ശ്രമിച്ചത്. സംസ്ഥാനത്തെ ആയിരത്തോളം 108 ആംബുലൻസ് ജീവനക്കാരെ പിരിച്ച് വിടാനുളള നീക്കത്തിനെതിരെ 108 ആംബുലൻസ് മസ്ദൂർ സംഘം സമരത്തിനിറങ്ങിയിരുന്നു.
പ്രതിഷേധം ജനം ടിവി വാർത്തയാക്കിയതോടെ സമൂഹത്തിലും ഇത് വലിയ ചർച്ചയായി. ഇതോടെ മാനേജ്മെന്റ് അധികൃതർ കേരളാ പ്രദേശ് 108 ആംബുലൻസിനെ (ബിഎംഎസ്) ചർച്ചയ്‌ക്ക് വിളിച്ചു. ഇതിന് പിന്നാലെ ബിഎംഎസ് മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കുന്നു എന്നും ജീവനക്കാരെ പിരിച്ചു വിടില്ലെന്നും നിലവിലെ ശമ്പളത്തിൽ തുടരാമെന്നും കമ്പനി ഉറപ്പ് നൽകി.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കീഴിൽ ഹൈദരബാദ് ആസ്ഥാനമായ ജി.വി.കെ ഏമർജൻസി മാനേജ്മെന്റ്& റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ്. ജീവനക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ച് വിടാനായിരുന്നു കമ്പനിയുടെ ശ്രമിച്ചിരുന്നത്.














