ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ സമാജ് വാദി പാർട്ടിയ്‌ക്ക് ഇരട്ടി പ്രഹരം. പാർട്ടി എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ നിതിൻ അഗർവാൾ പാർട്ടിവിട്ടു. ഹർഡോയി സദർ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള നിലവിലെ എംഎൽഎയായിരുന്നു നിതിൻ അഗർവാൾ. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് സിംഗ് യാദവിന് അയച്ച കത്തിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും പാർട്ടിയുടെ അംഗത്വവും എംഎൽഎ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. നിതിൻ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് സൂചന. സമാജ് വാദി നേതൃത്വവുമായി ഏറെനാളായി പിണക്കത്തിലായിരുന്നു നിതിൻ അഗർവാൾ. പാർട്ടി നേതൃത്വം നിരവധി തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തുനിന്നും നിതിനെ മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.
സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായംസിംഗ് യാദവിന്റെ മരുമകൾ അപർണ്ണ യാദവ് ഇന്ന് രാവിലെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്നും മുക്തമാകുന്നതിന് മുമ്പാണ് പാർട്ടിയ്‌ക്ക് വൈകീട്ടോടെ അടുത്ത പ്രഹരമേറ്റത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന്റെയും സാന്നിധ്യത്തിലാണ് അപർണ്ണ യാദവ് ബിജെപിയിൽ ചേർന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അപർണ്ണ മത്സരിച്ചേക്കുമെന്നാണ് വിവരം. മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യയുടെ മകൻ പ്രതീക് യാദവിനെയാണ് അപർണ്ണ വിവാഹം കഴിച്ചത്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മുലായത്തിന്റെ ആദ്യ വിവാഹത്തിലെ മകനാണ്.
Comments