ലക്‌നൗ : ബിജെപിയിൽ ചേർന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ അനുഗ്രഹം വാങ്ങിച്ച് മരുമകൾ അപർണ യാദവ്. സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപർണ യാദവ് ബിജെപിയിൽ എത്തിയത് സമാജ്‌വാദിക്ക് വൻ തിരിച്ചടിയായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപർണ യാദവ് മുലായം സിംഗിന്റെ അനുഗ്രഹം വാങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ബിജെപിയിൽ ചേർന്നതിന് ശേഷം ലക്‌നൗവിലെത്തി ആദ്യം അച്ഛന്റെ അനുഗ്രഹം വാങ്ങിയെന്ന് അപർണ ട്വിറ്ററിൽ കുറിച്ചു. മുലായം സിംഗിന്റെ കാലിൽ തൊടുന്ന ചിത്രമാണ് അപർണ പങ്കുവെച്ചിരിക്കുന്നത്.
മുലായം സിംഗിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ യാദവ്. ലക്‌നൗ വിമാനത്താവളത്തിൽ എത്തിയ നേതാവിന് ബിജെപി പ്രവർത്തകർ വൻ സ്വീകരണം ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പാത പിന്തുടരുമെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അപർണ പറഞ്ഞിരുന്നു.
‘ബഹുമാന്യരായ പ്രധാനമന്ത്രിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞ കാര്യങ്ങൾ എല്ലാക്കാലത്തും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവരുടെ നയങ്ങൾ തന്നെയാണ് ഞാനും സ്വീകരിക്കുന്നത്. ഈ പാർട്ടിയിൽ ഞാൻ ചേർന്നത് തന്നെ രാജ്യത്തെ സേവിക്കുന്നതിന് വേണ്ടിയാണ്. മുലായം സിംഗ് യാദവിന്റെ അനുഗ്രഹം എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ട്. ബിജെപി തന്നെ വീണ്ടും യുപിയിൽ അധികാരത്തിലെത്തുമെന്നും, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്നും’ അപർണ്ണ യാദവ് പറഞ്ഞിരുന്നു.
അപർണയ്‌ക്ക് പിന്നാലെ മുലായം സിംഗിന്റെ ഭാര്യാ സഹോദരൻ പ്രമോദ് ഗുപ്തയും ബിജെപിയിൽ എത്തിയിരുന്നു. ഇത് പാർട്ടിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
Comments