കോഴിക്കോട് : വടകരയിൽ എസ്എൻഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി ഹരിമോഹന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെയോടെയായിരുന്നു സംഭവം.
ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലകൾ തകർന്നിട്ടുണ്ട്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഗ്ലാസും അക്രമികൾ അടിച്ചുപൊട്ടിച്ചു. വീട്ടിലെ മൂന്ന് ജനൽചില്ലുകൾ പൂർണമായും ബാക്കിയുള്ളവ ഭാഗീകമായും തകർന്നു. ആക്രമണ സമയത്ത് വീട്ടുകാർ അകത്തുണ്ടായിരുന്നു.
തുടർച്ചയായ നാലം ദിവസമാണ് ഹരിമോഹന്റെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ നേരത്തെ നൽകിയ പരാതികളിലൊന്നും പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. പോലീസ് ഇടപെടൽ ഇല്ലാത്തതാണ് ആക്രമണങ്ങൾ തുടരാൻ കാരണമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.
അടുത്തിടയായി മേഖലയിൽ എസ്എൻഡിപി നേതാക്കൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. നേരത്തെ യൂണിയൻ പ്രസിഡന്റ് ദാമോദരന് നേരെയും ആക്രമണം ഉണ്ടായിരുന്നു. രാത്രി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു.
Comments