മുംബൈ: ഐപിഎൽ താരലേലത്തിനായി പേര് രജിസ്റ്റർ ചെയ്ത് മലയാളി താരം ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിക്കാർ തന്നെയാണ് അടിസ്ഥാനവില തീരുമാനിക്കുന്നത്. ഫ്രാഞ്ചൈസികളുമായി ചർച്ച ചെയ്ത ശേഷം കളിക്കാരെ 200 മുതൽ 300 വരെ എണ്ണമായി ചുരുക്കും. ഇതിലും ഉൾപ്പെട്ടെങ്കിൽ മാത്രമേ മത്സരത്തിൽ കളിക്കാൻ ശ്രീശാന്തിന് സാധ്യത തെളിയൂ. കഴിഞ്ഞ സീസണിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അന്തിമ പട്ടികയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.
അതേസമയം ക്രിസ് ഗെയ്ൽ, ജോഫ്രാ ആർച്ചർ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയവർ രജിസ്റ്റർ ചെയ്തിട്ടില്ല. ആകെ 1214 കളിക്കാരാണ് ലേലത്തിന് പേര് നൽകിയിരിക്കുന്നത്. 49 കളിക്കാർ അടിസ്ഥാന വിലയായി 2 കോടി രൂപയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 17 ഇന്ത്യൻ കളിക്കാരുണ്ട്. ആർ അശ്വിൻ, ചഹൽ, ദീപക് ചഹർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷൻ കിഷൻ, ഭുവനേശ്വർ കുമാർ,ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന, റായിഡു, മുഹമ്മദ് ഷമി, ശർദുൽ ഠാക്കൂർ, റോബിൻ ഉത്തപ്പ, ഉമേശ് യാദവ് തുടങ്ങിയവരും വിദേശതാരങ്ങളിൽ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഡികോക്ക്, ഡുപ്ലസിസ്, ഡ്വെയിൻ ബ്രാവോ തുടങ്ങിയ പ്രമുഖരുമാണ് രണ്ട് കോടി അടിസ്ഥാന വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ വർഷത്തെ ഐപിഎൽ എവിടെ വച്ച് നടത്തും എന്നതിലും തീരുമാനമായിട്ടില്ല. ഇതിനായി ഫ്രാഞ്ചൈസി ഉടമകളുമായി ബിസിസിഐ നേതൃത്വം ഇന്ന് ചർച്ച നടത്തും. അടുത്ത മാസം 12ന് ബംഗളുരുവിൽ വച്ചാണ് ഐപിഎൽ താരലേലം നടക്കുന്നത്.
Comments