450 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങൾക്ക് സിഐഡി നേട്ടീസ്. ഗുജറാത്ത് സിഐഡി ക്രൈം ആണ് നോട്ടീസ് നൽകിയത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, സായ് സുദർശൻ എന്നിവർക്കാണ് സമൻസ് നൽകിയത്.
അഹമ്മദാബാദ് മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗിൽ 1.95 കോടിയും മറ്റുള്ളവർ ലക്ഷങ്ങളും ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. പോൻസി സ്കീമിന്റെ തട്ടിപ്പിന് പിന്നിലെ സൂത്രധാരൻ വീരൻ ഭൂപേന്ദ്ര സിൻഹയെ ചോദ്യം ചെയ്തതിൽ നിന്ന് താരങ്ങൾ നിക്ഷേപിച്ച തുക തിരികെ നൽകിയില്ലെന്ന് ഇയാൾ പറഞ്ഞു.
താരങ്ങളുടെ സൗകര്യം നോക്കിയ ശേഷം അവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂപേന്ദ്ര സിൻഹയുടെ അക്കൗണ്ടുകൾ നോക്കിയിരുന്ന റുഷിക് മേഹ്ത്തയെ സിഐഡി ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പ്രതി ഒരു അനൗദ്യോഗിക അക്കൗണ്ട് ബുക്കും സിഐഡി പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ 52-കോടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.