ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിക്ക് കീഴിൽ, നടത്തിയ ആദ്യ സൗജന്യ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ വിജയകരം . ത്രിപുരയിലെ അഗർത്തല സർക്കാർ മെഡിക്കൽ കോളേജിലും ജിബി പന്ത് ഹോസ്പിറ്റലിലുമാണ് ശസ്ത്രക്രിയകൾ നടന്നത് .
ഉദയ്പൂരിൽ നിന്നുള്ള മാധബി റാണി ദാസ് (46) ജനുവരി 21 ന് ജിബിപി ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയയായത് . രോഗി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താവായതിനാൽ ഓപ്പറേഷനും, ചികിത്സയുമെല്ലാം സൗജന്യമായിരുന്നു.
ഓപ്പറേഷന് 5 മണിക്കൂറുകൾ എടുത്തു. രോഗി ഇപ്പോൾ അപകടനില തരണം ചെയ്തു . ഡോ. കനക് നാരായൺ ഭട്ടാചാരി, ഡോ. അനിന്ദ്യ സുന്ദർ ത്രിവേദി, ഡോ. സുർജിത് പാൽ എന്നിവരുടെ നേതൃത്വത്തിൽ 15 സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
രണ്ട് വർഷം മുമ്പ് മെഡിക്കൽ കോളേജിൽ കാർഡിയോ-തൊറാസിക് ആൻഡ് വാസ്കുലർ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി (സിടിവിഎസ്, ഐആർ) സൗകര്യങ്ങൾ സ്ഥാപിച്ചെങ്കിലും സർജനോ യോഗ്യതയുള്ള സർജറി ടീമോ ഉണ്ടായിരുന്നില്ലെന്ന് അഗർത്തല സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഡോ സഞ്ജിബ് ദേബ്ബർമ പറഞ്ഞു.
ഇത് ആദ്യമായാണ് തന്റെ നേതൃത്വത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നതെന്ന് ജിബി പന്ത് ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗത്തിന്റെ കൺസൾട്ടന്റ് ഡോ കനക് നാരായൺ ഭട്ടാചാരി പറഞ്ഞു. ഈ സങ്കീർണമായ ശസ്ത്രക്രിയയിൽ, എല്ലാ സാങ്കേതിക വിദഗ്ധരും അനസ്‌തേഷ്യോളജിസ്റ്റുകളും സ്റ്റാഫ് നഴ്‌സുമാരും നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
“ഈ ഓപ്പറേഷനുകൾ വളരെ നിർണായകമാണ്, രോഗികളുടെയും ശസ്ത്രക്രിയാ വിദഗ്ധരുടെയും ഭാഗത്ത് നിന്ന് വളരെയധികം സഹകരണം ആവശ്യമാണ്. എല്ലാവർക്കും ഈ ചികിത്സാ സൗകര്യങ്ങൾ പ്രയോജനകരമാകും. പരിമിതമായ സൗകര്യങ്ങൾ കാരണം ഒരു ദിവസം രണ്ട് ശസ്ത്രക്രിയകൾ നടത്താൻ കഴിയില്ല, അത് ഒരുക്കണം ‘ അഗർത്തല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മഞ്ജുശ്രീ റോയ് പറഞ്ഞു.















