കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം ദേശീയ അവധി ദിനമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോടാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെ കഴിഞ്ഞ വർഷം നേതാജിയുടെ ജൻമദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സദസിൽ നിന്ന് ജയ് ശ്രീറാം മുഴക്കിയതിൽ പ്രതിഷേധിച്ച് മമത വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. പ്രധാനമന്ത്രി ഉൾ്‌പ്പെടെയുളളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നേതാജിയോട് മമത അനാദരവ് കാട്ടിയെന്ന ആക്ഷേപവും ബംഗാളിൽ ശക്തമായി ഉയർന്നിരുന്നു. ഇതിന്റെ ജാള്യത മറയ്‌ക്കാനാണ് ഇക്കുറി അവധി ദിനമാക്കണമെന്ന ആവശ്യവുമായി മമത രംഗത്തെത്തിയത്.
അവധി ദിനമാക്കുന്നതിലൂടെ രാജ്യത്തിന് മുഴുവൻ നേതാജിക്ക് ആദരവ് അർപ്പിക്കാൻ അവസരമൊരുങ്ങുമെന്നും ദേശനായക് ദിവസ് അർഹിക്കുന്ന രീതിയിൽ ആഘോഷിക്കാനാകുമെന്നും മമത പറയുന്നു.
ഇക്കുറി റിപ്പബ്ലിക് ദിനത്തിലെ ടാബ്ലോയിൽ നേതാജിയെയും ബംഗാളിൽ നിന്നുളള മറ്റ് സ്വാതന്ത്ര്യ സമരസേനാനികളെയും അവതരിപ്പിക്കുമെന്നും മമത ട്വീറ്റ് ചെയ്തു. ദേശസ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സംക്ഷിപ്ത രൂപമാണ് നേതാജിയെന്നും മമത ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പരമ്പരയിൽ അഭിപ്രായപ്പെട്ടു.
Comments