ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യത്തിന് അഭിമാനമായ പ്രതിഭകളെ പത്മ ബഹുമതികൾ നൽകി ആദരിച്ചത്. അക്കൂട്ടത്തിൽ നിരക്ഷരനും കഠിനാധ്വാനിയുമായ ഒരു തൊഴിലാളിയുടെ പേരും ഉൾപ്പെട്ടിരുന്നു. കർണാടക സ്വദേശിയായ അമൈ മഹാലിംഗ നായിക് എന്നാണ് അയാളുടെ പേര്, കാർഷിക രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 77 വയസ്സുകാരനായ നായിക്കിന് പുരസ്‌കാരം ലഭിച്ചത്. ടണൽ മാൻ എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്.
നാല് പതിറ്റാണ്ടുകൾക്ക് മുൻപ് നായിക്കിന്റെ ഭൂമി ഒരു തരിശു നിലമായിരുന്നു. ആ ഭൂമിയിൽ ഒരിറ്റ് ജലകണം പോലും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വിളകൾ ഒന്നും തന്നെ അവിടെ കൃഷി ചെയ്യാനും സാധിക്കുമായിരുന്നില്ല. എന്നാലിന്ന് നായിക്കിന്റെ ഫാമിൽ 300ൽ അധികം തെങ്ങും കശുമാവും വാഴയും കുരുമുളകും ഒക്കെയുണ്ട്. തരിശുനിലത്തിൽ നിന്നും ഈ രീതിയിലേക്ക് നായിക്കിന്റെ ഭൂമി എത്തിയത് അദ്ദേഹത്തിന്റെ മാത്രം ഒറ്റയാൾ പോരാട്ടത്തിലൂടെയാണ്.

നായിക്കിന്റെ ടണൽ കഥ തുടരുന്നത് 1978ലാണ്. വളരെ കഠിനാധ്വാനിയായിരുന്നു നായിക്ക്. അദ്ദേഹത്തിന്റെ ജോലിയിൽ ആകൃഷ്ടനായ മഹാലിംഗ ഭട്ട് എന്ന സമ്പന്നൻ നായിക്കിന് രണ്ടേക്കർ ഭൂമി സമ്മാനമായി നൽകിയതായിരുന്നു. കുന്നിന്റെ മുകളിൽ തരിശായി കിടന്നിരുന്ന ഭൂമിയായിരുന്നു അത്. ഒരു ചെടി പോലും വളരാത്ത ആ നിലത്തിൽ ഒരു കൃഷിത്തോട്ടം ഉണ്ടാക്കാൻ നായിക്ക് ആഗ്രഹിച്ചു. എന്നാൽ പേരിന് പോലും വെള്ളമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യാനുള്ള നായിക്കിന്റെ ആഗ്രഹത്തെ എല്ലാവരും കളിയാക്കി തള്ളിക്കളഞ്ഞു.
എന്നാൽ കളിയാക്കലിൽ തളരാതെ നായിക്ക് കൃഷി ചെയ്യാൻ തന്നെ തീരുമാനിക്കുകയായിരുന്നു. തരിശു നിലത്തിൽ വെള്ളം എത്തിയ്‌ക്കുക എന്നതായിരുന്നു ആദ്യത്തെ ദൗത്യം. അതിന് വേണ്ടി ഒരു തുരങ്കം നിർമ്മിക്കാൻ നായിക്ക് തീരുമാനിച്ചു. തുരങ്കത്തിലൂടെ നീരുറവകളിൽ നിന്നും വെള്ളം എത്തിയ്‌ക്കാനായിരുന്നു നായിക്കിന്റെ പദ്ധതി. എന്നാൽ നാല് വർഷമെടുത്ത് അഞ്ച് തുരങ്കങ്ങൾ തന്റെ ഭൂമിയ്‌ക്ക് സമീപം നായിക്ക് കുഴിച്ചു. എന്നാൽ ഒന്നിലൂടെ പോലും ഒരിറ്റ് വെള്ളം പോലും നായിക്കിന് ലഭിച്ചില്ല.
നിരവധി പേർ നായിക്കിന്റെ രീതിയെ പരിഹസിച്ചു. പലരും പരസ്യമായി ഭ്രാന്തനെന്ന് വിളിച്ചു. തുരങ്കങ്ങളുടെ എണ്ണം അങ്ങനെ ആറായി. വിജയം കാണാതെ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലായിരുന്നു നായിക്ക്. രാപകലില്ലാതെ നായിക്ക് കുഴിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ ഏഴാമത്തെ തുരങ്കം കുഴിച്ചതോടെ അദ്ദേഹം ഒരു നീരുറവ കണ്ടെത്തി. ഈ തുരങ്കം തന്റെ വീടുമായി ബന്ധിപ്പിച്ച് തന്റെ വീട്ടിൽ വെള്ളം ലഭിക്കുന്നുണ്ടെന്ന് ആദ്യം നായിക്ക് ഉറപ്പുവരുത്തി. പിന്നീട് കൃഷിയും ആരംഭിച്ചു.

മഴവെള്ള സംഭരണത്തിന്റെ ഗുണങ്ങളെക്കുറിച്ച് നായിക് പഠിച്ചു. ഭൂഗർഭജലനിരപ്പ് വർദ്ധിപ്പിക്കുന്നതിനായി തന്റെ കൃഷിയിടത്തോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ 300-ലധികം കുഴികൾ കുഴിച്ചു. വെള്ളം സംഭരിക്കുന്നതിനായി സിമന്റ് ടാങ്കുകളും നിർമ്മിച്ചു. തന്റെ തരിശായ നിലത്തിൽ നായിക്ക് കൃഷിയിറക്കി. അവ വളരുകയും വലിയ മരങ്ങളാവുകയും ഫലങ്ങൾ നൽകുകയും ചെയ്തു. ഇപ്പോൾ കടുത്ത വേനലിനും നായിക്കിന് വെള്ളത്തിന് വേണ്ടി അലയേണ്ടി വന്നിട്ടില്ല.
നായിക്കിന്റെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ കഠിന പരിശ്രമമാണെന്ന് ആ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ പോലും പറയാറുണ്ട്. പത്മശ്രീ പുരസ്‌കാരം ലഭിച്ച വിവരം പോലും നായിക്ക് അറിഞ്ഞിരുന്നില്ല. ആ സമയത്തും തന്റെ ഭൂമിയിൽ പതിവ് ജോലികൾ ചെയ്തിരിക്കുകയായിരുന്നു നായിക്ക്. വിദ്യാഭ്യാസമോ, വലിയ അറിവോ ഒന്നും തന്നെയില്ലാതെ കഠിനമായി പരിശ്രമിച്ചാണ് നായിക്ക് ഈ വിജയത്തിൽ എത്തിച്ചേർന്നത്.
















Comments