കണ്ണൂർ: മാസ്ക് വിഴുങ്ങിയ നായയ്ക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. കണ്ണൂർ തളാപ്പിലെ ഷിജിയുടെ മൂന്ന് മാസം പ്രായമുള്ള ബീഗിൾ എന്ന പട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം മുൻപാണ് ഒരു എൻ95 മാസ്ക് പട്ടി വിഴുങ്ങിയത്. വീട്ടിലുള്ള ഒരാൾ മേശയ്ക്ക് മുകളിൽ വച്ച് മാസ്ക് പട്ടി വിഴുങ്ങുകയായിരുന്നു.
നായ മാസ്ക് വിഴുങ്ങിയ വിവരം ഉടമ അറിഞ്ഞിരുന്നില്ല. തുടർന്ന് നായ അസ്വസ്ഥത കാണിച്ചതോടെയാണ് വീട്ടുകാർക്ക് പന്തികേട് തോന്നിയത്. ഉടൻ തന്നെ പട്ടിയെ ജില്ല ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും എക്സറേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റിൽ കിടക്കുന്ന മാസ്ക് കണ്ടെത്തിയത്.
ആദ്യ ദിവസം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും മാസ്ക് വയറിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു. ഇതോടെയാണ് ജില്ല ആശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. ഷെറിന്റെ നേതൃത്വത്തിൽ നായയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. നായ ഇപ്പോൾ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments