ഗുണ്ടൂർ: ആന്ധ്രയിലെ ഗുണ്ടൂരിലെ ജിന്ന ടവറിന്റെ പച്ചനിറം മായ്ച്ചുകളഞ്ഞ് ദേശീയപതാകയുടെ ത്രിവർണനിറം പൂശി. വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യത്തിന് മുൻപിൽ ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷൻ വഴങ്ങുകയായിരുന്നു. ടവറിന് സമീപം കൊടിമരം സ്ഥാപിച്ച് ദേശീയപതാകയും ഉയർത്തുമെന്ന് ഗുണ്ടൂർ ഈസ്റ്റ് എംഎൽഎ മൊഹമ്മദ് മുസ്തഫ പറഞ്ഞു.
വ്യാഴാഴ്ച ഇതിനുളള നടപടികൾ തുടങ്ങും. ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ കവതി മനോഹർ നായിഡുവുമൊത്ത് സ്ഥലം സന്ദർശിച്ച എംഎൽഎ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിലയിരുത്തി.
സ്വാതന്ത്ര്യ സമരത്തിൽ നിരവധി മുസ്ലീം നേതാക്കൾ ബ്രിട്ടീഷുകാരോട് പോരാടിയിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ചിലർ പാകിസ്താനിലേക്ക് കുടിയേറി. പക്ഷെ ഞങ്ങൾ ഇവിടെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയാണ് ഞങ്ങളുടെ മാതൃരാജ്യം മൊഹമ്മദ് മുസ്തഫ കൂട്ടിച്ചേർത്തു.
ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് നേരത്തെ മുതൽ ആവശ്യമുയർന്നിരുന്നു. അടുത്തിടെ ബിജെപി ദേശീയ സെക്രട്ടറി വൈ സത്യകുമാറും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ചതിച്ചയാളുടെ പേരുമായി ഇവിടെ നിലകൊള്ളുന്ന ഒരേയൊരു സ്ഥലമാണെന്നും എന്തുകൊണ്ട് ഈ സ്ഥലത്തിന് ഭാരതപുത്രനായ ഡോ. കലാമിന്റെ പേര് നൽകി കൂട എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ട്വിറ്ററിലൂടെ നടത്തിയ അഭിപ്രായത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതേ ആവശ്യവുമായി ബിജെപി ആന്ധ്ര ഘടകം ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ടവർ നിൽക്കുന്ന പ്രദേശം ജിന്ന സെന്റർ എന്നാണ് അറിയപ്പെടുന്നത്. ഗുണ്ടൂരിലെ മഹാത്മാ ഗാന്ധി റോഡിലാണ് ജിന്ന ടവർ. 2017 ൽ പാകിസ്താൻ ട്വിറ്ററിലൂടെ ജിന്ന ടവറിനെക്കുറിച്ച് പരാമർശിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം ഒരു കൂട്ടം ജനങ്ങൾ ജിന്നാ ടവറിലെത്തുകയും ഇത് ത്രിവർണനിറം നൽകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.















