ന്യൂഡല്ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ഫെബ്രുവരി 10 ന് വിചാരണാ നടപടികൾ ആരംഭിക്കും. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി കോടതിയിലാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്.
കേസിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു കോടതി. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ കക്ഷികള്ക്ക് കോടതിയില് ഹാജരാകാന് സാധിച്ചില്ലെന്നും കേസ് മാറ്റിവെയ്‌ക്കണമെന്നും അഭിഭാഷകര് കോടതിയെ അറിയിച്ചു. അഭിഭാഷകരുടെ അഭ്യര്ത്ഥന മാനിച്ച് കോടതി വിചാരണ നടപടികൾ മാറ്റിവെയ്‌ക്കുകയായിരുന്നു. ഭിവണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്ര് ജെ.വി.പലിവാൾ ആണ് കേസ് പരിഗണിക്കുന്നത്.
ഗോവ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരക്കിലാണ് രാഹുൽ ഗാന്ധിയെന്ന് അഭിഭാഷകൻ നാരായൺ അയ്യർ കോടതിയെ അറിയിച്ചു. എന്നിരുന്നാലും കോടതിക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗവും കേട്ട ശേഷം കോടതി വിചാരണ മാറ്റിവയ്‌ക്കുകയായിരുന്നു.
ജനുവരി 29 ന് ആണ് കേസ് അവസാനമായി പരിഗണിച്ചത്.കേസ് അവസാനമായി പരിഗണിച്ചപ്പോള് ,ജന പ്രതിനിധികള് ഉൾപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന സുപ്രിംകോടതി ഉത്തരവ് കോടതി ചൂണ്ടിക്കാട്ടി. രാഹുല്ഗാന്ധിക്കെതിരായ കേസും ഇതേ വിഭാഗത്തിൽ പെട്ടതാണെന്നും അതിനാൽ മുൻഗണനാക്രമത്തിൽ എടുത്ത് അതിവേഗം വിചാരണ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിചാരണ നടപടികള് ആരംഭിച്ചു കഴിഞ്ഞാൽ ദിവസവും കേസിൽ വാദം തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ആര്എസ്എസ് ആണെന്ന് ആരോപിച്ച് 2014ൽ താനെയിലെ ഭിവണ്ടി രാഹുൽ പ്രസംഗിച്ചിരുന്നു.പ്രസംഗത്തിനെതിരെ ആർഎസ്‌എസിന്റെ പ്രാദേശിക പ്രവർത്തകനായ കുന്റെ കേസ് ഫയൽ ചെയ്യുകയായിരുന്നു. പ്രസ്താവന ആർഎസ്എസിന്റെ സത്പേരിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കുന്റെ ഹര്ജിയില് വ്യക്തമാക്കുന്നു.2018ൽ താനെയിലെ കോടതി ഈ കേസിൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയിരുന്നുവെങ്കിലും അദ്ദേഹം കുറ്റം നിഷേധിക്കുകയായിരുന്നു.
Comments