ലക്നൗ: ബിജെപിയുടെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക(ലോക് കല്യാൺ സങ്കൽപ് പത്ര) ഇന്ന് പുറത്തിറക്കിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് പത്രിക പുറത്തിറക്കുമെന്നാണ് ബിജെപി ഓഫീസ് അറിയിച്ചത്. യുപിയിലെ വികസന പ്രവത്തന പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതായിരിക്കും പ്രകടനപത്രികയെന്നാണ് സൂചന
ദേശീയത, സദ്ഭരണം, കാശി-മഥുര വികസനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സമഗ്ര പ്രകടന പത്രികയാകും ഇന്ന് ബിജെപി പുറത്തിറക്കുക. യുപിയുടെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക. അതേസമയം, ബിജെപി പ്രകടപത്രിക പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ തങ്ങളുടെ പ്രകടനപത്രിക പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിലപാട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും ബിജെപി പാലിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായി ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Comments