തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷിന് ഫോൺ സന്ദേശം പ്രചരിപ്പിക്കാൻ അവസരം നൽകിയവർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിന് കൂട്ട് നിന്ന കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് ലഭിച്ചു. ഇവർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടി സ്വീകരിച്ചേക്കും.
ജയിലിൽ നിന്നും പുറത്തുവന്ന ശബ്ദ സന്ദേശം താനാണ് റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതെന്നും ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് ഇതെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലിരിക്കെയാണ് 2020ൽ സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയ്ക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദ രേഖപുറത്തുവരുന്നത്.
കേരള പോലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്റ്റബിളും പാലാരിവട്ടം സ്റ്റേഷിലെ മറ്റൊരു വനിതാ കോൺസ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്കോർട്ട് ഡ്യൂട്ടി പോയത്. ഇവരാണ് സ്വപ്നയ്ക്ക് ശിവശങ്കർ നൽകിയ നിർദ്ദേശങ്ങൾ കൈമാറിയതെന്നാണ് വിവരം. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വപ്നയുടെ ശബ്ദം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ജയിൽ ചട്ടലംഘനാണ്.
മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നും സന്ദേശത്തിലുണ്ടായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെ അന്വേഷണം നടത്തിയിട്ടും പോലീസിന് ശബ്ദം തിരിച്ചറിയാൻ സാധിച്ചില്ല. സംഭവത്തിൽ വീണ്ടും അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഇതിന്റെ ഭാഗമായി സ്വപ്നയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
Comments