ലക്നൗ: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ടു. ചിത്രത്തിൽ ഇരുവരും ആത്മവിശ്വാസത്തോടെ നിൽക്കുന്നത് കാണാം. വിജയത്തിന്റെ അടയാളമായി പ്രധാനമന്ത്രി മോദിയും യോഗിയും ഒരുമിച്ച് കൈ ഉയർത്തുന്ന ചിത്രമാണ് മുഖ്യമന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ‘രാഷ്ട്രധർമ്മത്തിനായി കഠിനാധ്വാനം ചെയ്യുന്നവർക്ക് വിജയം ഉറപ്പ്’ എന്നതിനെക്കുറിച്ചുള്ള ഏതാനും വരികൾ ചിത്രത്തിനൊപ്പം അദ്ദേഹം പങ്കുവെച്ചു.
‘അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും ദുഃഖിതരുടെയും കഷ്ടപ്പാടുകൾ ഇല്ലാതാക്കണം, രാഷ്ട്രധർമ്മം നെഞ്ചിലേറ്റി ഞങ്ങൾ നിൽക്കുന്നു. നടക്കുന്നവരും നിർത്താതെ പ്രയത്നിക്കുന്നവരും അവരുടെ വിജയം ഉറപ്പാണ്, അതാണ് പ്രഖ്യാപിത ഫലം.’ ഹിന്ദിയിൽ എഴുതിയ ട്വീറ്റിൽ ഇങ്ങനെ കുറിച്ചു.
യുപിയിൽ 5 വർഷത്തെ ഭരണം പൂർത്തിയാക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. യുപി തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ ഗോരഖ്പൂരിൽ (അർബൻ) മത്സരിക്കാൻ ഒരുങ്ങുകയാണ് യോഗി. 1998 മുതൽ തുടർച്ചയായി അഞ്ച് തവണ ഗൊരഖ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായി യോഗി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോരഖ്നാഥ് മഠത്തിന്റെ മഹന്ത് അല്ലെങ്കിൽ പ്രധാന പുരോഹിതൻ കൂടിയാണ് ആദിത്യനാഥ്.
ഭൂരഹിത കർഷകർക്കുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎംകിസാൻ) പദ്ധതിയുടെ ഇരട്ടി തുക, പെൺകുട്ടികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും സ്കൂട്ടി. യുപിഎസ്സിക്കും പിഎസ്സിക്കും തയ്യാറെടുക്കുന്ന വിദ്യാർഥിനികൾക്ക് സൗജന്യ പരിശീലനം, വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ലാപ്ടോപ്പുകളും മറ്റ് ആവശ്യമായ ഗാഡ്ജെറ്റുകളും, യുവജനങ്ങൾക്ക് തൊഴിൽ അവസരം, ഉജ്ജ്വല യോജനയ്ക്ക് കീഴിൽ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും മൂന്ന് സൗജന്യ സിലിണ്ടറുകൾ എന്നിവയാണ് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ 7 ഘട്ടങ്ങളിലായി ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാർച്ച് 10ന് നടക്കും.
Comments