ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി പരാജയപ്പെട്ടാൽ വലിയ തിരിച്ചടിയാകും സംസ്ഥാനത്തുണ്ടാവുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടർമാർക്ക് വീഴ്ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ്, കേരളമോ, ബംഗാളോ കശ്മീരോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. യുപിയിൽ ആദ്യ ഘട്ട പോളിംഗ് ആരംഭിക്കുന്നതിന് മുൻപ് പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥ് ഈ മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അത്ഭുതകരമായ പലമാറ്റങ്ങളും സംഭവിച്ചു. ഇനി ജനങ്ങൾക്ക് തെറ്റുപറ്റിയാൽ ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഓരോ വ്യക്തിയുടേയും വോട്ട് തന്റെ അഞ്ച് വർഷത്തെ പ്രയത്നത്തിനുള്ള അനുഗ്രഹമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ ആത്മാർത്ഥതയോടെയാണ് ഇവിടെ പ്രവർത്തിച്ചതെന്നും വലിയ തീരുമാനത്തിനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
मतदान करें, अवश्य करें !
आपका एक वोट उत्तर प्रदेश का भविष्य तय करेगा। नहीं तो उत्तर प्रदेश को कश्मीर, केरल और बंगाल बनते देर नहीं लगेगी: मुख्यमंत्री श्री @myogiadityanath pic.twitter.com/03VUlXOY35
— BJP Uttar Pradesh (@BJP4UP) February 9, 2022
ഉത്തർപ്രദേശിൽ 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആരംഭിച്ചത്. ഈ ഘട്ടത്തിൽ ഒൻപത് മന്ത്രിമാരടക്കം 623 സ്ഥാനാർത്ഥികൾ ജനവിധി തേടുമ്പോൾ രണ്ട് കോടി 27 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. നാല് മണിക്കൂർ പിന്നിടുമ്പോൾ 7.93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments