ലക്‌നൗ : ഉത്തർപ്രദേശിന്റെ വികസനത്തിലാണ് ബിജെപി സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹ്ജൻപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മാഫിയകൾക്ക് ബുൾഡോസറുകളാണ് വേണ്ടതെന്നാണ് വിശ്വസിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി സർക്കാരിന്റെ ഒരു കയ്യിൽ വികസനവും, മറു കയ്യിൽ ബുൾഡോസറുമാണ് ഉള്ളത്. മാഫിയകളുടെ മേൽ ഓടിച്ചുകയറ്റുന്നതിനാണ് ബുൾഡോസറുകൾ. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതരായി ജീവിക്കാം. കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളുകളിൽ പോകാമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രസംഗത്തിനിടെ സമാജ്‌വാദി സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സമാജ്‌വാദി സർക്കാർ അധികാരത്തിലിരുന്നപ്പോൾ വികസനത്തിന്റെ പേരിൽ ശവപ്പറമ്പുകൾക്ക് ചുറ്റും അതിർത്തികൾ കെട്ടുക മാത്രമാണ് ചെയ്തത്. സംസ്ഥാനത്തുള്ള ഗുണ്ടകളും മാഫിയ തലവന്മാരും ഇപ്പോൾ രക്ഷപ്പെട്ട്ഓടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി സർക്കാർ അധികാരത്തിലിരുന്നപ്പോൾ അഖിലേഷ് യാദവിന്റെ സ്വദേശമായ സയ്ഫായിലും പിന്നെ അസംഖാന്റെ വീട്ടിലും മാത്രമാണ് വൈദ്യുതി ഉണ്ടായിരുന്നത്. എന്നാൽ ബിജെപി ഭരണത്തിൽ എല്ലാ വീടുകളിലും വൈദ്യുതിയെത്തിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Comments