ന്യൂഡൽഹി: കോൺഗ്രസിൽ സംഘർഷമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. സഹോദരൻ രാഹുലിന് വേണ്ടി തന്റെ ജീവൻ പോലും ബലി നൽകാൻ താൻ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. പഞ്ചാബിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക വാദ്ര. പ്രിയങ്കയും രാഹുലും തമ്മിൽ അകൽച്ചയിലാണെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അവർ.
പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ ‘ രാഹുലിന് വേണ്ടി ജീവൻ ബലി അർപ്പിക്കാൻ പോലും ഞാൻ തയ്യാറാണ്. രാഹുലും തനിക്ക് വേണ്ടി ജീവൻ നൽകും. ബിജെപിയ്ക്കുള്ളിൽ സംഘർഷമുണ്ടായിരിക്കും, എന്നാൽ കോൺഗ്രസിൽ അതില്ല’ പ്രിയങ്ക പറഞ്ഞു. രാഹുലും പ്രിയങ്കയും തമ്മിൽ അകൽച്ചയിലാണെന്നും ഇത് കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുന്നുവെന്നുമായിരുന്നു യോഗിയുടെ പരാമർശം.
നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് പ്രിയങ്ക ഗാന്ധിയാണ്. ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ പ്രചാരണ പരിപാടികൾ ഭരണ-പ്രതിപക്ഷ പാർട്ടികൾ കൊഴുപ്പിക്കുകയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് യുപിയിൽ നാളെ നടക്കും. അഭിപ്രായ സർവ്വേകളെല്ലാം തന്നെ ബിജെപിയ്ക്ക് അനുകൂലമാണ്.
Comments