കോഴിക്കോട്: ദേശീയപാത വികസനത്തിനായി വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരം പത്തിരട്ടി മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വെട്ടിമാറ്റുന്ന 2,354 മരങ്ങൾക്ക് പകരമായി 26,000 തൈകൾ നട്ടുപിടിപ്പിച്ച് മൂന്ന് വർഷം പരിപാലിക്കുന്ന പദ്ധതിയിലാണ് ക്രമക്കേട്.
1.6 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററിന് വനം മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകി. പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ സംശയകരമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. ചാണകവളത്തിൽ പോലും കൊള്ളലാഭം നോക്കിയാണ് ക്രമക്കേടുകൾ. മാർക്കറ്റ് വിലയുടെ നാലിരട്ടിയോളം വരെ രേഖപ്പെടുത്തിയാണ് എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നത്.
വിവിധ ജോലികൾ ഇരട്ടിപ്പിച്ച് എഴുതിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ക്യാമ്പസ് പോലും ദുർഘട മേഖലയായി കണക്കാക്കിയുമാണ് കണക്കുകൾ പെരുപ്പിച്ചതെന്നാണ് റിപ്പോർട്ട്. 2018 ൽ ഒപ്പു വെച്ച കരാർ പ്രകാരം 1.60 കോടി രൂപ ദേശീയപാത അതോറിറ്റി സാമൂഹിക വനവൽക്കരണ വിഭാഗത്തിന് നൽകിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി തൈകൾ നട്ടുപിടിപ്പിച്ചെങ്കിലും തൈകൾ മിക്കതും കരിഞ്ഞുണങ്ങിപോയി.
മൂന്ന് വർഷത്തേയ്ക്ക് കരാറുകാരന് പരിപാലന ചുമതല ഉണ്ടെങ്കിലും തടമൊരുക്കാതെയും മണ്ണ് ഇളക്കാതെയും നട്ട തൈകൾ വേര് പിടിക്കാതെ നശിച്ചു. ചാണകപൊടി കിലോയ്ക്ക് വിപണിയിൽ 10 രൂപ വിലുള്ളപ്പോൾ 40 രൂപയാണ് എസ്റ്റിമേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 6,000 തൈകൾക്ക് മാത്രം 1.89 ലക്ഷം രൂപയുടെ ചാണകം ഇടുന്നു എന്നാണ് കണക്ക്.
മൊത്തം ഏഴര ലക്ഷത്തിന്റെ ചാണകപ്പൊടി. അര കിലോ ചാണകപ്പൊടി ഒരു തൈയ്ക്ക് ചുവട്ടിൽ ഇടുന്നു എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ചാണകപ്പൊടിയുടെ അംശം പോലും എവിടെയും കാണാനില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഴ്സറിയിൽ തൈകൾ ഒരുക്കാൻ വെള്ളം നനയ്ക്കുന്നതിനായി 6.31 ലക്ഷം രൂപ ചെലവായി കണക്ക്. 6,000 തൈകൾ കുഴിച്ചിടാനായി 3.82 ലക്ഷം രൂപ ചെലവ്. അത്രയും വാഹനങ്ങൾ വാഹനത്തിൽ കയറ്റാൻ മാത്രം 56,850 രൂപ കയറ്റിറക്കു കൂലിയായി ചെലവായെന്നും കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു.
Comments