പത്തനംതിട്ട : കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിലായി.കടപ്ര പഞ്ചായത്തിലെ കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വളഞ്ഞവട്ടം സ്വദേശിയിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് സീനിയർ ക്ലർക്ക് പിടിയിലായത്.
വളഞ്ഞവട്ടം സ്വദേശിയായ പരാതിക്കാരൻ വസ്തു പേര്മാറ്റൽ ആവശ്യത്തിനായി സമീപിച്ചപ്പോൾ കടപ്ര പി.സി പ്രദീപ് കുമാർ ആദ്യം 40000 രൂപയും പിന്നീട് 25000 രൂപയും ആവശ്യപ്പെട്ടു. ഈ മാസം 8ന് 10000 രൂപ നൽകിയിരുന്നു. ബാക്കി 15000നായി നിരന്തരം വിളികൾ ഉണ്ടായതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. തുടർന്ന് ഇന്ന് വിജിലൻസിന്റെ കാറിൽ പരാതിക്കാരൻ തിരുവല്ല പുളിക്കീഴ് പാലത്തിന് സമീപമെത്തി ബാക്കി തുക കൈമാറി.
ഈ സമയം വിജിലൻസ് സംഘം പ്രദീപ് കുമാറിനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളുമായി കടപ്ര പഞ്ചായത്തിലെത്തി വിജിലൻസ് സംഘം ഫയലുകൾ പരിശോധിച്ചു. ഉദ്യോഗസ്ഥന്റെ അറസ്റ്റും രേഖപ്പെടുത്തി. വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലിക്കാരനെ പിടികൂടിയത്.
Comments