ഡൽഹി: യുദ്ധഭീതി സജീവമായി നിലനിൽക്കുന്ന യുറോപ്യൻ രാജ്യമായ യുക്രെയിനിൽനിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കൺട്രോൾറൂം ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം 18,000 ത്തോളം ഇന്ത്യൻ പൗരൻമാരാണ് യുക്രെയിനുള്ളത്.
യുക്രെയിനിൽനിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പൗരൻമാരെയും സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വ്യോമയാനമന്ത്രാലവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വി മുരളീധരനും ചർച്ചനടത്തി. ഇന്ത്യയിലെയും വിദേശത്തേയും വിവിധ വിമാനകമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഉടൻതന്നെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കം.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രെയിനിലെ ഇന്ത്യൻ എംബസ്സി വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ നിരവധി പേർ എംബസ്സിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടർന്നാണ് യുക്രെയിൻ വിഷയങ്ങൾ കൈകാര്യം ചെയ്യാനും പൗരൻമാരുടെ ആശങ്കയകറ്റാനും കൺട്രോൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി മുരളീധരൻ അറിയിച്ചു.
Comments