ന്യൂഡൽഹി: രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ ഇനിയെങ്കിലും അത്തരം ശ്രമങ്ങൾക്ക് മുതിരരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിൽ ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ചോദ്യം ചെയ്തതിനെ തുടർന്ന് പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്നും ജ്യോതിലാലിനെ നീക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യത്തിലായിരുന്നു വി. മുരളീധരന്റെ പ്രതികരണം.
സംസ്ഥാന സർക്കാർ കുറച്ച് കാലങ്ങളായി ഗവർണറെ ബോധപൂർവ്വം അവഹേളിക്കാൻ ശ്രമിക്കുന്നു. ഗവർണറുടെ പദവിയെ ഇടിച്ചു താഴ്ത്താനും ശ്രമിക്കുകയാണ്. ഏറ്റവും ഒടുവിൽ ഗവർണറുടെ അവകാശത്തിൽ കൈ കടത്താൻ ഉൾപ്പെടെ സർക്കാർ മുതിർന്നു. സംസ്ഥാന സർക്കാർ രാജ്ഭവനെക്കൂടി ഭരിക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു പൊതുഭരണ സെക്രട്ടറിയുടെ കത്ത് എന്ന് വി. മുരളീധരൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ധൈര്യം വന്നതെന്ന് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഭരണഘടനാപരമായി ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ എത്ര പേരെ വെയ്ക്കാനാകുമെന്ന് കൃത്യമായി പറയുന്നുണ്ട്. അതിനെ ചോദ്യം ചെയ്യുന്നത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെ ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണോ ഉദ്യോഗസ്ഥൻ കത്തയച്ചതെന്ന് വി. മുരളീധരൻ ചോദിച്ചു.
രാജ്ഭവനെ ഭരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ അപകടകരമായ സ്ഥിതിയിലെത്തും. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നതിന്റെ നിയമപ്രശ്നങ്ങൾ വരും ദിവസങ്ങളിൽ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments