തിരുവനന്തപുരം: സ്വപ്ന സുരേഷ് ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കും. ഡൽഹി ആസ്ഥാനമായ സർക്കാരിതര സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായി ഇന്ന് പാലക്കാട് ചന്ദ്രനഗറിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ചുമതലയേൽക്കും. ഇന്ത്യയിൽ പത്ത് ലക്ഷം ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന സദ്ഹൃഹ പദ്ധതിയാണ് സംഘടന നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. അട്ടപ്പാടിയിൽ 300 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
43,000 രൂപ പ്രതിമാസ വേതനത്തിലാണ് സ്വപ്ന സുരേഷ് ജോലിയിൽ പ്രവേശിക്കുന്നത്. കേസിൽ പെട്ടതോടെ താൻ സാമ്പത്തികമായി മോശം നിലയിലാണെന്നും തന്നെ സഹായിക്കാൻ ആരുമില്ലെന്നും അടുത്തിടെ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സ്വപ്ന പറഞ്ഞിരുന്നു. കേസുകളും വിവാദങ്ങളും സ്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹിക സേവന രംഗത്തെ താത്പര്യവും പ്രവർത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്ആർഡിഎസിന്റെ ലക്ഷ്യമെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.
കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയുള്ള വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ജയിലിൽ നിന്നുള്ള സർക്കാരിനനുകൂലമായുള്ള ശബ്ദരേഖ കെട്ടിച്ചമച്ചതാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇഡി സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
Comments