കൊച്ചി : പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ. മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. പീഡനപരാതിയ്ക്ക് പിന്നിൽ ദിലീപാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ കോടതിയെ സമീപിച്ചത്.
നടിയുടെ പീഡന ദൃശ്യങ്ങൾ ദിലീപ് കാണുകയും, മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തെന്ന് വെളിപ്പെടുത്തി ബാലചന്ദ്രകുമാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയർന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിലുള്ള പ്രതികാരമെന്നോണം കെട്ടിച്ചമച്ചതെന്നാണ് പരാതി. പരാതിക്കാരിയെ പരിചയമില്ല. സംഭവം നടന്ന് 10 വർഷങ്ങൾക്ക് ശേഷമാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിനുള്ള കാരണം ഇവർക്ക് വ്യക്തമാക്കാൻ പോലും കഴിയുന്നില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാം. താൻ നിരപരാധിയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
കണ്ണൂർ സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത കൊച്ചിയിലെ ഫ്ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 10 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ബാലചന്ദ്രകുമാർ ഫോണിൽ പകർത്തിയിരുന്നു. ഇത് പുറത്തുവിടുമെന്ന് ഭയന്നാണ് പരാതി നൽകാതിരുന്നതെന്നുമാണ് യുവതി പറയുന്നത്.
Comments