മനുഷ്യ കുലത്തിന്റെ മുഖ്യ ആശയവിനിമയ ഉപാധിയാണ് ഭാഷ. ഇതു തന്നെയാണ് മറ്റു ജീവജാലങ്ങളിൽ നിന്ന് നമ്മെ വേറിട്ട് നിർത്തുന്നതും. ചെറുതും വലുതുമായി ലോകത്താകമാനം 6,500 ലധികം ഭാഷകൾ നമ്മൾ മനുഷ്യർ സംസാരിക്കുന്നുണ്ടെന്നാണ് വിവരം. അവയിൽ പലതും നമുക്ക് കേട്ടു കേൾവി കൂടി ഇല്ല എന്നതാണ് ഭാഷാ പണ്ഡിതന്മാരുടെ അനുഭവം. കാലപ്പഴക്കത്താൽ മനുഷ്യകുലത്തിന് മാത്രം സ്വന്തമായ ഭാഷാ സമ്പത്ത് നഷ്ടമായി കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്.
ഇവിടെ അത്തരം ഒരു തീരാനഷ്ടത്തിനെ കുറിച്ചാണ് പറയുന്നത്. ഒരു മരണത്തോടൊപ്പം ഒരു ഭാഷയും നഷ്ടമായിരിക്കുന്നു.
തെക്കേ അമേരിക്കയിലെ ക്രിസ്റ്റീന കാൽഡെറോൺ മരിച്ചപ്പോൾ അവർക്കൊപ്പം യമനാ എന്ന ഭാഷയും ഇല്ലാതായിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ യാഗൻ സമൂഹത്തിന്റെ ഭാഷയാണ് യമന. ഇതാണിപ്പോൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായത്. ഈ ഭാഷ സംസാരിക്കുന്ന അവസാനത്തെയാളും മരിച്ച് പോയതാണ് യമന ഭാഷയ്‌ക്ക് അന്ത്യം സംഭവിക്കാൻ കാരണം. യാഗൻ സമൂഹത്തിന്റെ അവസാന കണ്ണിയായിരുന്നു ക്രിസ്റ്റീന. ഇവർ വാർദ്ധക്യസഹജമായ അസുഖത്താൽ വിട വാങ്ങിയതോടെയാണ് യമന ഭാഷയും മരിച്ചത്. ക്രിസ്റ്റീനയ്‌ക്ക് മക്കളും കൊച്ചുമക്കളുമായി വലിയ കുടുംബം തന്നെ ഉണ്ടെങ്കിലും അവർക്ക് ആർക്കും തന്നെ തങ്ങളുടെ മാതൃ ഭാഷ അറിയില്ല എന്നതാണ് ഏറെ ദു:ഖകരം.
അവസാന ശ്വാസത്തിലും തന്റെ മാതൃ ഭാഷ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയാണ്.ക്രിസ്റ്റീന കാൽഡെറോൺ വിടവാങ്ങിയത്.
എന്നാൽ തനിക്ക് മാത്രമറിയാവുന്ന ആ ഭാഷ വേരറ്റുപോകാതിരിക്കാൻ ക്രിസ്റ്റീന വലിയ പരിശ്രമങ്ങളാണ് നടത്തിയത്. നിരവധി സാഹിത്യ ഭാഷാ പഠനങ്ങൾ നടത്തിയ ക്രിസ്റ്റീന കാൽഡെറോൺ എന്ന 93 കാരി നിരവധി രേഖകളും രചനകളും നടത്തിയ ശേഷമാണ് ലോകത്തോട് വിടപറഞ്ഞു. ഇവർ യമന ഭാഷയുടെ ഒരു നിഘണ്ടു തയ്യാറാക്കുകയും നിരവധി പ്രസിദ്ധീകരണങ്ങൾ യമനയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. അവസാന നാളുകളിലും തന്റെ മാതൃഭാഷ ആരെങ്കിലും ഏതെങ്കിലും രീതിയിൽ സംരക്ഷിക്കുമെന്ന പ്രതീക്ഷ ബാക്കി വെച്ചാണ് ക്രിസ്റ്റീന കാൽഡെറോൺ മരിച്ചത്.
ലോകത്തിലെ പരമ്പരാഗതമായ പല സംസ്‌കാരത്തിന്റേയും കാതൽ് ആ ജനത സംസാരിക്കുന്ന ഭാഷയാണ്. കോളനിവൽക്കരണവും കുടിയേറ്റവും ചെറിയ ചെറിയ രാജ്യങ്ങളെയും ഗോത്രങ്ങളെയും ഇല്ലാതാക്കിയതിലൂടെയാണ് ഭാഷയും നിശബ്ദമായിപ്പോയത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തെക്കേ അമേരിക്കയിലെ ഒരു പ്രാദേശിക ഭാഷയ്‌ക്കും സംഭവിച്ചത്. മാതൃഭാഷയെ മറക്കുന്നവർക്ക് ഇത് ഒരു പാഠമാകട്ടെ. മലയാളികൾ എന്തിന് മാതൃഭാഷയെ നെഞ്ചോട് ചേർക്കണം എന്ന ചോദിച്ചാൽ സംസാരിച്ചില്ലെങ്കിൽ നഷ്ടമാവുക ഭാഷമാത്രമല്ല ഒരു സംസ്‌കാരവും കൂടിയാണ്.















Comments