കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ നിന്ന് ഒരപൂർവ്വ സാമുദായിക സൗഹാർദത്തിന്റെ കഥ . ഒരു ഹിന്ദു കുടുംബം കഴിഞ്ഞ 50 വർഷമായി ബരാസത്തിലെ അമാനതി മസ്ജിദിന്റെ പരിചാരകരായി പ്രവർത്തിക്കുന്നു. നോർത്ത് 24 പർഗാനയിലെ ബരാസത്തിലെ മുതിർന്ന പൗരനായ ദീപക് കുമാർ ബോസും അദ്ദേഹത്തിന്റെ മകൻ പാർത്ഥ സാരഥി ബോസുമാണ് സ്വന്തം ഭൂമിയിലെ മസ്ജിദ് കാത്ത് സംരക്ഷിക്കുന്നത് .
1964-ലാണ്, ബോസ് കുടുംബത്തിന് നോർത്ത് 24 പർഗാനാസിലെ ഭൂമിയിൽ ഒരു ചെറിയ പള്ളിയുണ്ടെന്ന് അവർ കണ്ടെത്തിയത് . ആ പ്ലോട്ടിലെ കെട്ടിടം പൊളിച്ച് പണിയാൻ പലരും നിർദ്ദേശിച്ചെങ്കിലും, അത് മത കേന്ദ്രമായതിനാൽ ദീപക് കുമാർ ബോസിന്റെ കുടുംബം അതിനെ എതിർത്തു.
“ഞങ്ങൾ ഇത് പുതുക്കിപ്പണിയാൻ തീരുമാനിച്ചു, അതിനുശേഷം ഞങ്ങൾ ഈ പള്ളി പരിപാലിക്കുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലീം സമൂഹം ഇവിടെ വന്ന് പ്രാർത്ഥിക്കുന്നു, ഞങ്ങൾ ദിവസേനയുള്ള കർമ്മങ്ങൾക്കായി ഒരു ഇമാമിനെ നിയോഗിച്ചിട്ടുണ്ട്”, പള്ളിയുടെ കെയർടേക്കർ ദീപക് കുമാർ ബോസ് പറഞ്ഞു.
ഹിന്ദുക്കളായ ഞങ്ങൾ പള്ളി പരിപാലിക്കുന്നതിനെ ഇതുവരെ ആരും എതിർത്തിട്ടില്ലെന്നും വർഷങ്ങളായി ഞങ്ങൾ പള്ളി പരിപാലിക്കുന്നുണ്ടെന്നും വാസ്തവത്തിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ മുസ്ലീങ്ങൾ ഇല്ലെന്നും ദീപക്കിന്റെ മകൻ പാർത്ഥ സാരഥി ബോസ് പറഞ്ഞു. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള നാബോപള്ളി പ്രദേശത്താണ് അമാനതി മസ്ജിദ് സ്ഥിതി ചെയ്യുന്നത് .
Comments