മോസ്‌കോ: യുക്രെയ്ൻ അതിർത്തി കടന്നെത്തിയ അഞ്ച് പേരെ റഷ്യ വെടിവെച്ച് കൊന്നുവെന്ന അവകാശവാദവുമായി റഷ്യൻ സൈന്യം. മോസ്‌കോ-യുക്രെയ്ൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് അഞ്ച് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റഷ്യ പറയുന്നത്. യുക്രെയ്‌നിൽ നിന്നുള്ള വിഘടനവാദികളെ് വധിച്ചുവെന്നാണ് റഷ്യയുടെ വാദം.
അതിർത്തി പ്രദേശമായ റോസ്‌ടോവ് മേഖലയിലെ മിത്യാകിൻസ്‌കായ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് റഷ്യൻ സൈന്യം അറിയിച്ചു. അതേസമയം റഷ്യൻ സൈനികർക്കോ അതിർത്തിയിലെ കാവൽപ്പടയിലുള്ളവർക്കോ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ റഷ്യയുടെ വാദം നിഷേധിച്ചിരിക്കുകയാണ് യുക്രെയ്ൻ. അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് പറയപ്പെടുന്ന അഞ്ച് യുക്രെയ്‌നിയൻ ‘വിഘടനവാദികളെ’ വധിച്ചുവെന്ന അവകാശവാദം ശക്തമായി നിഷേധിക്കുന്നു. ഒരൊറ്റ സൈനികൻ പോലും അതിർത്തി കടന്ന് റഷ്യയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും യുക്രെയ്ൻ വ്യക്തമാക്കി.
1991ൽ സോവിയറ്റ് യൂണിയൻ തകരുന്നത് വരെ നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്ന അയൽരാജ്യത്തെ ആക്രമിക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാൽ യാതൊരു വിധത്തിലുള്ള ആക്രമണമോ അധിനിവേശമോ യുദ്ധമോ ആസൂത്രണം ചെയ്യുന്നില്ലെന്നാണ് ഇക്കാര്യത്തിൽ മോസ്‌കോയുടെ വിശദീകരണം.
യുക്രെയ്ൻ അതിർത്തിയിലേക്ക് പല ഘട്ടങ്ങളായാണ് റഷ്യൻ സൈന്യത്തെ പുടിൻ നീക്കിയത്. തുടർച്ചയായ സൈനിക പരിശീലനവും അതിർത്തിയിൽ ഒരു മാസത്തോളം റഷ്യ നടത്തിയിരുന്നു. രണ്ടിടങ്ങളിലായി വിമതസേന ഷെല്ലാക്രമണം നടത്തിയതിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20ലേറെ തവണ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.















