ആലുവ : ദിലീപിന്റെ അഭിഭാഷകൻ അഡ്വ: ബി രാമൻ പിള്ളയുടെ മൊഴിയെടുക്കാനുള്ള ക്രൈം ബ്രാഞ്ച് നീക്കത്തിനെതിരെ ഹൈക്കോടതി അഭിഭാഷകർ രംഗത്ത്. ക്രൈം ബ്രാഞ്ച് തീരുമാനത്തിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി . ഇന്ന് ഹൈക്കോടതിയിൽ അഭിഭാഷകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .ക്രൈം ബ്രാഞ്ച് തീരുമാനത്തെ നിയമപരമായി നേരിടാന്‍ അസോസിയേഷന്റെ തീരുമാനം .
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിൽ രാമന്‍പിള്ളയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം അദ്ദേഹത്തിന് കത്ത് നല്‍കിയിരുന്നു . എന്നാല്‍ കള്ളക്കേസില്‍ മൊഴി നല്‍കാനാകില്ലെന്നാണ് രാമന്‍പിള്ളയുടെ നിലപാട് . ക്രൈം ബ്രാഞ്ചിന് അദ്ദേഹം രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട് .
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ , സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തൃശൂർ പീച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാമൻ പിള്ളയിൽ നിന്നും മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്
Comments