വാഷിംഗ്ടൺ: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം രൂക്ഷമാവുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ബൈഡനെ ചെണ്ടപോലെയാക്കി കളിക്കുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഭയപ്പെടുത്തുന്നതാണെന്നും ട്രംപ് പറഞ്ഞു.
കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു ട്രംപ്. യുക്രെയ്‌നിൽ ഇപ്പോൾ നടക്കുന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവ വികാസങ്ങളാണ്. യുക്രെയ്‌നിലെ ജനങ്ങൾക്ക് വേണ്ടി താൻ പ്രാർത്ഥിക്കുമെന്നും യുക്രെയ്‌ന്റെ അവസ്ഥ ഭയാനകമാണെന്നും ട്രംപ് പറഞ്ഞു. വോളോഡിമിർ സെലൻസ്‌കി ധീരനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ബുഷ് പ്രസിഡന്റായിരുന്നപ്പോൾ റഷ്യ ജോർജ്ജിയയിൽ അധിനിവേശം നടത്തി, ഒബാമ പ്രസിഡന്റായിരുന്നപ്പോൾ ക്രിമിയയിലും ഇപ്പോൾ ബൈഡൻ പ്രസിഡന്റായിരിക്കുമ്പോൾ യുക്രെയ്‌നിലും അത് ആവർത്തിച്ചു. റഷ്യ മറ്റൊരു രാജ്യത്തിൽ അധിനിവേശം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയ 21 ാം നൂറ്റാണ്ടിലെ ഏക അമേരിക്കൻ പ്രസിഡന്റ് താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ഫ്‌ളോറിഡയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കയ്‌ക്ക് ശക്തനായ ഒരു പ്രസിഡന്റുള്ള കാലങ്ങളിലെല്ലാം ലോകം സുരക്ഷിതമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പുടിൻ ഒരു ചെണ്ടപോലെ ബൈഡനെ ഉപയോഗിച്ച് കളിക്കുകയാണ്. ഇത് അത്ര മനോഹരമായ കാഴ്‌ച്ചയല്ലെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്നിൽ റഷ്യൻ യുദ്ധം ആരംഭിക്കുന്നത് മുൻപ് പുടിന് പിന്തുണയുമായി ട്രംപ് എത്തിയിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച പുടിന്റെ തീരുമാനത്തെ പ്രതിഭയുടെ നീക്കമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഈ നിലപാടാണ് ട്രംപ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
Comments