ലക്‌നൗ: യുക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന യാത്രയിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ റോബർട്ട്‌സ്ഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ ഒറ്റക്കെട്ടായ ശക്തിയുടെ ഫലമായാണ് യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത്. ഓപ്പറേഷൻ ഗംഗയിലൂടെ അനേകം ഇന്ത്യക്കാരാണ് ഇതുവരെ യുക്രെയ്‌നിൽ നിന്നും തിരികെ രാജ്യത്തെത്തിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാരെ അവിടേയ്‌ക്ക് അയച്ചിട്ടുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം കലുഷിതമായ യുക്രെയ്‌നിൽ കുടുങ്ങിയ ഇരുപതിനായിരത്തോളം ഇന്ത്യക്കാരെയും സുരക്ഷിതമായി അവിടെ നിന്നും ഒഴിപ്പിച്ചു. അവരിൽ നാലായിരത്തോളം ആളുകളെ ഫെബ്രുവരി 24ന് മുൻപ് ഇന്ത്യയിൽ തിരികെ എത്തിച്ചു. ഇന്നലെ ഏകദേശം രണ്ടായിരത്തിലധികം ആളുകളെ രാജ്യത്തേയ്‌ക്ക് തിരികെ എത്തിച്ചു. ഇനിയും തിരികെ എത്താനുള്ള ആളുകളെ സുരക്ഷിതമായി തിരികെ എത്തിക്കുകയും ചെയ്യും അവരുടെ സുരക്ഷിതമായ യാത്രയിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പോളണ്ട് പ്രസിഡന്റുമായും യൂറോപ്യൻ യൂണിയൻ പ്രസിഡന്റുമായും രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ എന്ത് വിലകൊടുത്തും തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള രക്ഷാദൗത്യം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട കേന്ദ്രമന്ത്രിമാർ യുക്രെയ്ൻ അതിർത്തിരാജ്യങ്ങളിലെത്തിയതോടെ നടപടികൾ വേഗത്തിലാക്കി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നു തുടങ്ങി. വ്യോമസേന കൂടി പങ്കാളിയാകുന്നതോടെ ഇരട്ടി ഊർജ്ജമാകും ഓപ്പറേഷൻ ഗംഗയ്‌ക്ക് ലഭിക്കുക.
Comments