കീവ്: റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചേക്കും. റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നടപടികൾ പുടിൻ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇത്തരമൊരു പ്രഖ്യാപനം നാളെയോടെ പുടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് യുക്രെയ്‌നും പറയുന്നത്. അതേസമയം സമവായ ശ്രമങ്ങൾക്കായി റഷ്യ-യുക്രെയ്ൻ ചർച്ച ഇന്ന് വീണ്ടും നടക്കും. ചർച്ചയിൽ വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള രൂക്ഷവിമർശനങ്ങളേയും കനത്ത ഉപരോധങ്ങളേയും അവഗണിച്ചാണ് റഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ കണക്കും റഷ്യ പുറത്ത് വിട്ടിട്ടുണ്ട്. 498 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്. 1597 പേർക്ക് പരിക്കേറ്റെന്നും റഷ്യ പറയുന്നു. എന്നാൽ 9000 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രെയ്‌ന്റെ അവകാശവാദം. തങ്ങളുടെ 2000 സൈനികർക്ക് ജീവൻ നഷ്ടമായെന്നും യുക്രെയ്ൻ പറഞ്ഞു. 8.75 ലക്ഷം പേരാണ് അഭയാർത്ഥികളായി രാജ്യം വിട്ടത്.
ഹർകീവ് ലക്ഷ്യമാക്കിയാണ് റഷ്യൻ സേന മുന്നേറ്റം തുടരുന്നത്. മേഖലയിൽ കനത്ത വ്യോമാക്രമണമാണ് നടക്കുന്നതെന്നാണ് വിവരം. സിറ്റി കൗൺസിലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായി. മരിയുപോൾ നഗരവും റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ നീക്കത്തിന് ഇപ്പോൾ വേഗത കുറഞ്ഞിട്ടുണ്ട്. കീവിന് മുൻപായി ഹർകീവ് കീഴടക്കുക എന്നതിനാണ് റഷ്യ മുൻഗണന കൊടുക്കുന്നത്. എന്നാൽ കീവ് ഒഴിഞ്ഞുപോകണമെന്ന് ജനങ്ങളോട് റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്.
















Comments