തൃശൂർ : ബാങ്കിൽ നിന്ന് തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
എട്ട് വർഷം മുമ്പാണ് ഒല്ലൂക്കര സഹകരണ ബാങ്കിൽ നിന്ന് വിജയൻ നാലര ലക്ഷം രൂപ വായ്പയെടുത്തത്. മൂത്ത മകന്റെ വിവാഹാവശ്യത്തിനായിരുന്നു അത്. എന്നാൽ കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാതായി. ഇത് മൂലം വായ്പ തിരിച്ചടവ് മുടങ്ങി.
ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക. ഇതിനിടെയാണ് ബാങ്കിൽ നിന്ന് നോട്ടീസ് വന്നത്. ഈ മാസം 25 നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിർദേശം.
കൊറോണ പ്രതിസന്ധി കാരണം ഓട്ടോറിക്ഷയ്ക്ക് ഓട്ടം കുറഞ്ഞതോടെ കുടുംബ ചെലവ് പോലും വഴിമുട്ടിയിരുന്നു. വായ്പ അടയ്ക്കാൻ സാധിക്കില്ലെന്ന് വന്നതോടെയാണ് വിജയൻ തൂങ്ങിമരിച്ചത്. വീടിന് പുറകിലെ മരത്തിൽ വളർത്തുനായയുടെ കഴുത്തിലെ ബെൽറ്റ് സ്വന്തം കഴുത്തിൽ മുറുക്കിയാണ് വിജയൻ ജീവനൊടുക്കിയത്.
അതേസമയം മാർച്ച് 31 നകം വായ്പ തിരിച്ചടച്ചാൽ ആനൂകൂല്യം ലഭിക്കുമെന്നതിനാൽ 1200 ഓളം പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Comments