കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയ പി.ജയരാജനെ പിന്തുണച്ച് മകൻ ജെയിൻ രാജൻ എത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
ജയരാജന്റെ മകൻ ജെയിൻ ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ ”ആരുടെ മകനായാലും പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണമെന്നും ഫേസ്ബുക്കിലല്ല പറയേണ്ടത് ” എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സി.പി.എം സംസ്ഥാന സെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടതിന് കണ്ണൂരിൽ നൽകിയ സ്വീകരണത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പി ജയരാജനെ തഴഞ്ഞതിൽ മാദ്ധ്യമങ്ങൾ പ്രശ്നമുണ്ടാക്കാൻ നോക്കേണ്ട . സ്വന്തം നിലപാട് പി ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു . ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇടനെഞ്ചിൽത്തന്നെ’ എന്നായിരുന്നു മകൻ ജെയ്ൻ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെ പിന്തുണ അറിയിച്ചത്.
പി.ജയരാജനെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട് . 42,000 പേർ അംഗങ്ങളായുള്ള റെഡ് ആർമി ഒഫിഷ്യൽസ് എന്ന പേജിലാണ് ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Comments