ജീവനക്കാരോട് മോശമായി പെരുമാറി; കെ.ബി ഗണേഷ് കുമാർ എംഎൽഎയ്‌ക്കെതിരെ ആരോഗ്യമന്ത്രിയ്‌ക്ക് പരാതി

Published by
Janam Web Desk

കൊല്ലം : പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി നൽകി ആയുർവേദ സംഘടനകൾ. ആശുപത്രി സന്ദർശനത്തിനിടെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് സംഘടനകൾ മന്ത്രി വീണാ ജോർജിന് പരാതി നൽകിയത്. കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷനും, കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനുമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

തലവൂർ ആയുർവേദ ആശുപത്രി സന്ദർശിക്കുന്നതിനിടെയാണ് എംഎൽഎ ജീവനക്കാരോട് മോശമായി പെരുമാറിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആശുപത്രി വൃത്തിഹീനമാണെന്ന് ആരോപിച്ച് എംഎൽഎ ജീവനക്കാരെ ശകാരിക്കുകയായിരുന്നു. ചൂലെടുത്ത് എംഎൽഎ വൃത്തിയാക്കുകയും ചെയ്തിരുന്നു. ശുചിമുറിയിലെ ഇളകിയ ടൈൽ എല്ലാം ശരിയാക്കണമെന്ന താക്കീതും നൽകിയാണ് എംഎൽഎ മടങ്ങിയത്.

ശുചിമുറിയിലെ ടൈൽ ഇളകുകപോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായത് ഗുണനിലവാരം ഇല്ലാത്ത നിർമ്മാണം മൂലമാണെന്ന് പരാതിയിൽ പറയുന്നു. ഇത് മനസ്സിലാക്കാതെ ഡോക്ടർമാരെയും ജീവനക്കാരെയും ശകാരിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയായില്ല. നിലവിൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. 20 കിടക്കകൾ ഉള്ള ആശുപത്രിയിൽ ഒരു സ്ലീപ്പർ മാത്രമാണ് നിലവിൽ ഉള്ളതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Share
Leave a Comment