കൊച്ചി : ദീർഘദൂര യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ നേരിട്ട ദുരനുഭം വിവരിച്ച് അദ്ധ്യാപിക. മലബാർ ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപികയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിടേണ്ടിവന്നതും തുടർന്ന് ചുറ്റുമുള്ളവരിൽ നിന്നുണ്ടായ പ്രതികരണവുമാണ് അദ്ധ്യാപിക ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് അദ്ധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രണം ഉണ്ടായത്. സീറ്റിൽ ചാരിക്കിടക്കുന്നതിനിടെ പുറകിൽ ഇരുന്നയാൾ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക ഉച്ചത്തിൽ പ്രതികരിച്ചെങ്കിലും സംഭവത്തിൽ ആരും ഇടപെട്ടില്ല. തുടർന്ന് യുവതി ഇക്കാര്യം കെഎസ്ആർടിസി കണ്ടക്ടറോട് പറഞ്ഞു. എന്നാൽ മോശമായ രീതിയിലായിരുന്നു കണ്ടക്ടറുടെ പ്രതികരണം.
ഇത് ചെറിയ പ്രശ്നം ആണെന്നും, ഉപദ്രവിച്ചയാൾ മാപ്പ് പറഞ്ഞതോടെ അത് തീർന്നെന്നുമായിരുന്നു കണ്ടക്ടർ യുവതിയോട് പറഞ്ഞത്. ഇതിന് പുറമേ മാനസികമായി തകർക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചുവെന്നും, ആരും പ്രതികരിക്കാതെ ഇരുന്നത് ഏറെ തളർത്തിയെന്നും യുവതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അദ്ധ്യാപിക വീഡിയോയും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
അദ്ധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരുപാട് ഇടങ്ങളിൽ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്, അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാരാണ് ശീലം.. ചുറ്റുമുള്ള മനുഷ്യർ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു.. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്.. ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.. അതും നടന്നത് ഞാൻ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ കെഎസ്ആർടിസി ബസ്സിനുള്ളിൽ..
കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും, ഒടുവിൽ പരാതി പറഞ്ഞപ്പോൾ കയർത്ത് ബഹളം ഉണ്ടാക്കി, ട്രോമയിൽ ഇരുന്ന എന്നെ മാനസികമായി തകർത്തതും ഒരു കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ആണെന്ന് ഓർക്കുമ്പോൾ എനിക്ക് പേടിയാവുന്നു.. പോലീസ് ഇടപെട്ടിട്ടു പോലും താൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ, അയാൾ ഇവിടെ സീറ്റിൽ സമാധാനമായി മയങ്ങുന്നത് കാണുമ്പോൾ സഹിക്കുന്നില്ല..
എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന, പോലീസ് സ്റ്റേഷനിൽ പോയാൽ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ, എന്റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്…
ദയവായി പറയട്ടെ….
നിങ്ങളുടെ മുന്നിൽ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോൾ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയർക്കരുത്… താങ്ങാൻ ആവില്ല അത്…
ഞാൻ ഇപ്പോൾ ഒകെ ആണ്, ഉപദ്രവിക്കപ്പെട്ടതിൽ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.. പക്ഷെ ഇത്രേം നേരമായിട്ടും, സംഭവം കഴിഞ്ഞു 3 മണിക്കൂർ ആയിട്ടും ആ കെഎസ്ആർടിസി ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാൻ തോന്നുന്നില്ലല്ലോ.. എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു.. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്, ഞാൻ ഇങ്ങനെയാ, ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉൾകൊള്ളാൻ പറ്റുന്നില്ല..
ഇനി പഴയ പോലെ, കെഎസ്ആർടിസി മാസ്സാണ്, ഡ്രൈവർ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തിൽ രാത്രി ഇങ്ങനെ ബസ്സിൽ കയറി വരാൻ പറ്റുമോന്നറീല്ല!.
Comments