മുംബൈ: നദികളുടെ പുനരുജ്ജീവനത്തിനായും, ജല സംരക്ഷണത്തിനായും വർഷത്തിൽ ഒരിക്കൽ നഗരങ്ങളിൽ ‘നദി ഉത്സവ്’ ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വർഷത്തിൽ ഒരിക്കൽ ‘നദി ഉത്സവ്’ ആചരിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ജലത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഓരോ തുള്ളി വെള്ളത്തിന്റെയും മൂല്യം മനസ്സിലാക്കാൻ നദി ഉത്സവങ്ങൾ സഹായിക്കും’ പ്രധാനമന്ത്രി പറഞ്ഞു.
സുസ്ഥിര വികസനത്തിന് ഉത്തേജനം പകരാൻ സർക്കാർ വിവിധ ‘ഹരിത’ സംരംഭങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. മലിനീകരണം തടയുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, പ്രകൃതിയെ സംരക്ഷിക്കുന്നതിലും സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ നഗരങ്ങളിലും ഇലക്ട്രിക് ബസുകളും, കാറുകളും, ഇരുചക്ര വാഹനങ്ങളും കൂടുതലായി ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണം ഒരുപരിധി വരെ തടയാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, എല്ലാ നഗരങ്ങളിലും ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റർപ്ലാൻ, പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. കൂടാതെ, എല്ലാ നദികളുടെയും സംരക്ഷണ സർക്കാരിന്റെയും ജനങ്ങളുടെയും ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ മുള-മുത നദിയുടെ പുനരുജ്ജീവനത്തിനായി 1,080 കോടിയിലധികം രൂപ ചെലവഴിച്ച് പുതിയ പദ്ധതികൾ നടപ്പിലാക്കും. നദീതീര സംരക്ഷണം, ഇന്റർസെപ്റ്റർ മലിനജല ശൃംഖല, പൊതു സൗകര്യങ്ങൾ, ബോട്ടിംഗ് പ്രവർത്തനം തുടങ്ങിയ ജോലികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചു.
Comments