ഭുവനേശ്വർ: ജൻ ഔഷധി ദിവസിന്റെ ആഘോഷങ്ങൾ രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുരിയിലെ സാന്റ് ആർട്ടിസ്റ്റിന്റെ കരവിരുതിൽ മണൽ തരികളിൽ തീർത്ത വിസ്മയം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ജൻ ഔഷധി ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെയും, ജൻ ഔഷധി പദ്ധതിയുടെ പേരുമാണ് മണൽ തരികളിൽ ഈ കലാകാരൻ തീർത്തിരിക്കുന്നത്. പുരി സ്വദേശിയായ സുദാം പ്രധാൻ എന്ന സാന്റ് ആർട്ടിസ്റ്റാണ് ഈ കലാസൃഷ്ടിയ്ക്ക് പിന്നിൽ. പുരിയിലെ ബീച്ചിൽ തീർത്ത ഈ സാന്റ് ആർട്ട് കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
2022 മാർച്ച് 7ന് ജൻ ഔഷധി ദിവസിന്റെ നാലാം വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ഔഷധി കേന്ദ്ര ഉടമകളുമായും, യോജനയുടെ ഗുണഭോക്താക്കളുമായും സംവദിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി സംവദിക്കുക.
രാജ്യത്തെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ജനറിക് മരുന്നുകൾ ഉയർന്ന നിലവാരത്തോടുകൂടി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ‘ജൻ ഔഷധി-ജൻ ഉപയോഗി’ എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ പ്രമേയം. മാർച്ച് 1 മുതലാണ് രാജ്യത്തുടനീളം ജൻ ഔഷധി വാരം ആഘോഷിക്കുന്നത്. ജനറിക് മരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും, ജൻ ഔഷധി യോജനയുടെ നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ജൻ ഔഷധി വാരം ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി, ഈ ആഴ്ചയിൽ ജൻ ഔഷധി സങ്കൽപ് യാത്ര, മാതൃ ശക്തി സമ്മാന്, ജൻ ഔഷധി ബൽ മിത്ര, ജൻ ഔഷധി ജൻ ജാഗരൺ അഭിയാൻ, ആവോ ജൻ ഔഷധി മിത്ര ബാനേ, ജൻ ഔഷധി ജൻ ആരോഗ്യ മേള തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഏകദേശം 8,600ലധികം ജൻ ഔഷധി കേന്ദ്രങ്ങളാണ് എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്നത്.
Comments