കൊച്ചി: സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വീട്ടമ്മയ്ക്ക് പോലീസിൽ നിന്നും പീഡനം നേരിട്ടതായി പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പോലീസുകാർ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്.
2020ൽ പരാതിക്കാരിയുടെ മരുമകളോട് അയൽവാസിയായ യുവാവ് മോശമായി പെരുമാറുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തു. യുവാവിന്റെ പ്രവൃത്തിയെ വീട്ടമ്മ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് അയൽവാസിയായ മറ്റൊരു യുവാവ് ഇവരെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിച്ചു. ഇതിനെതിരെ പരാതി നൽകാനെത്തിയപ്പോഴാണ് പോലീസിൽ നിന്നും ദുരനുഭവമുണ്ടായതെന്ന് വീട്ടമ്മ പറയുന്നു.
അയൽവാസിക്കെതിരെയുള്ള പരാതി പോലീസ് സ്വീകരിച്ചില്ലെന്നും, പകരം തങ്ങൾക്കെതിരെ അയൽവാസിയുടെ പരാതിയുണ്ടെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തുവെന്നും വീട്ടമ്മ ആരോപിച്ചു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വഴിക്ക് രണ്ട് പോലീസുകാർ തന്നെ ശാരീരികമായി പീഡിപ്പിച്ചു. വനിതാ പോലീസ് ഇത് കണ്ടിട്ടും പ്രതികരിച്ചില്ല. പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്ന വഴി പ്രാഥമിക ആവശ്യങ്ങൾക്ക് വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, കാട് ചൂണ്ടിക്കാട്ടി. ജയിലിൽ എത്തും വരെ പോലീസ് ഉപദ്രവം തുടർന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ, മകൻ അപകടത്തിൽപ്പെട്ട് കിടപ്പിലായിരുന്നുവെന്നും വീട്ടമ്മ വ്യക്തമാക്കി. ഉപദ്രവിച്ച പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും എറണാകുളം റൂറൽ എസ്പിയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും വീട്ടമ്മ കൂട്ടിച്ചേർത്തു.
Comments