മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കരുത്തിൽ ഓഹരിവിപണിയിലും കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്‌സ് ആയിരത്തിലധികം പോയിന്റുകൾ ഉയർന്നു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നുതുടങ്ങിയതോടെ നിക്ഷേപകരുടെ ആത്മവിശ്വാസമാണ് വിപണിയിലും പ്രതിഫലിച്ചത്.
നിഫ്റ്റിയിലും സമാനമായ മുന്നേറ്റം പ്രകടമായി. രാവിലെ 10.34 നുളള വ്യാപാരനില അനുസരിച്ച് സെൻസെക്‌സ് 1353 പോയിന്റുകൾ ഉയർന്ന് 56,000 കടന്നു. നിഫ്റ്റിയിൽ 387 പോയിന്റാണ് ഉയർന്നത്. 16,733 പോയിന്റിലേക്കാണ് നിഫ്റ്റി എത്തിയത്.
റഷ്യ, യുക്രെയ്ൻ യുദ്ധം പരിഹരിക്കപ്പെടാനുളള സാദ്ധ്യതയും നിക്ഷേപകർ മുന്നിൽ കാണുന്നുണ്ട്. ഒപെക് രാജ്യങ്ങൾ ഉൽപാദനം കൂട്ടാൻ തീരുമാനിച്ചതോടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും വിപണിക്ക് തുണയായി. വ്യോമയാന ഓഹരികൾ ഉൾപ്പെടെയാണ് രാവിലെ നേട്ടമുണ്ടാക്കിയത്.
ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് ജനവിധി കാത്തിരിക്കുന്നത്. പഞ്ചാബ് ഒഴികെയുളള നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് ഭരണ തുടർച്ചയ്‌ക്കുളള സാദ്ധ്യതയാണ് തെളിയുന്നത്.
Comments