അമൃത്സർ: ആം ആദ്മി പാർട്ടി കോൺഗ്രസിന് ബദലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പഞ്ചാബിൽ ആം ആദ്മിയുടെ സംസ്ഥാന ചുമതലയുള്ള രാഘവ് ഛദ്ദ. പഞ്ചാബിൽ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് രാഘവിന്റെ പ്രതികരണം. ആം ആദ്മി രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി വളർന്ന് കൊണ്ടിരിക്കുകയാണെന്നും, സ്വാഭാവികമായി കോൺഗ്രസിന് പകരം ആം ആദ്മി എന്ന പാർട്ടി ഉയർന്ന് വരുമെന്നും രാഘവ് പറയുന്നു. 117 സീറ്റുകളിൽ 88 ഇടത്താണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കോൺഗ്രസിന് സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 18 ഇടത്ത് മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാനായത്.
‘ ആം ആദ്മി ഉദിച്ചുയർന്ന് വന്നു കൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വളരെ നിർണായകമായ ദിവസമാണ് ഇന്ന്. ആം ആദ്മി വിജയിച്ചു എന്നത് കൊണ്ട് മാത്രമല്ല, ഇതൊരു ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു എന്നത് കൊണ്ടു കൂടിയാണ്. ആം ആദ്മി കോൺഗ്രസിന് ബദലായി മാറിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ഫലങ്ങൾ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാണാനാകുന്ന കാര്യങ്ങളാണ് പഞ്ചാബിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. പഞ്ചാബിലെ എല്ലാ ജനങ്ങളോടും നന്ദി പറയുകയാണ്.’
‘ കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയായി കെജ്‌രിവാൾ മാറിയിരിക്കുകയാണ്. ദൈവവും ജനങ്ങളും അനുഗ്രഹിക്കുകയാണെങ്കിൽ അദ്ദേഹത്തെ വൈകാതെ തന്നെ ഏറ്റവും വലിയ പദവിയിൽ കാണാനാകും. 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പ്രധാനമന്ത്രിയാകും. പത്ത് വർഷം പോലും പ്രവൃത്തി പരിചയമില്ലാതെയാണ് ഞങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചത്. കോൺഗ്രസിന് പകരം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആം ആദ്മിയെന്നും’ രാഘവ് പറഞ്ഞു.
Comments