ന്യൂഡൽഹി: മീഡിയ വൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ അടുത്ത ചൊവ്വാഴ്ച സുപ്രീം കോടതി വാദം കേൾക്കും. സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ചാനൽ ഉടമകളായ മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും എഡിറ്റർ പ്രമോദ് രാമൻ ഉൾപ്പെടെ ചാനലിനെ മൂന്ന് ജീവനക്കാരും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു ചാനൽ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ചിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ചാനൽ മാനേജ്മെന്റ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ വാദം പൂർത്തിയായ ശേഷം തങ്ങളെ അറിയിക്കാതെയാണ് ആഭ്യന്തരവകുപ്പിന്റെ ഫയലുകൾ നോട്ടീസ് അയച്ച് വിളിപ്പിച്ച് പരിശോധിച്ചത്. ഇതിന് ശേഷം വിധി പ്രസ്താവിക്കുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.
തുടർന്നാണ് സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരോട് ആവശ്യപ്പെട്ടത്. ഫയൽ പരിശോധിച്ച ശേഷം സ്‌റ്റേ ആവശ്യത്തിൽ ഉൾപ്പെടെ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയോടെ മീഡിയ വൺ ചാനൽ നിലവിൽ അടച്ച് പൂട്ടിയിരിക്കുകയാണ്.
Comments